| Tuesday, 8th September 2015, 2:38 am

ബ്രോഡ്ബാന്റില്‍ നാലിരട്ടി വേഗം ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒക്ടോബര്‍ ഒന്ന് മുതല്‍ ബ്രോഡ്ബാന്റിന് നിലവിലുള്ളതിന്റെ നാലിരട്ടി വേഗം ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍. 2Mbps ആയിരിക്കും ബ്രോഡ്ബാന്റിന് ലഭിക്കുന്ന കുറഞ്ഞ വേഗത. ഇതിനായി ഉപഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരില്ല. 512 kbps വേഗതയാണ് ബി.എസ്.എന്‍.എല്‍ നിലവില്‍ ലഭ്യമാക്കുന്നത്.

ബി.എസ്.എന്‍.എല്ലിന് അടുത്തിടെ നിരവധി ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. 2014 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ നിരവധി ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്‍ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 7600 കോടിയുടെ നഷ്ടമാണ് ഇതുകാരണം കമ്പനിക്കുണ്ടായതെന്നാണ് കണക്കാക്കുന്നത്.

ബ്രോഡ്ബാന്റിന്റെ വേഗത വര്‍ധിപ്പിക്കുന്നത് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാകുമെന്ന് മാത്രമല്ല, നിരവധി ഉപഭോക്താക്കളെ ബി.എസ്.എന്‍.എല്ലിലേക്ക് തിരികെകൊണ്ടുവരാനാകും എന്നുമാണ് പ്രതീക്ഷ.

ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം കുറഞ്ഞത് പത്തു ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രോഡ്ബാന്‍ഡിന്റെ വേഗം വര്‍ധിപ്പിക്കുന്നതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികളെന്നും അദ്ദേഹം അറിയിച്ചു.

We use cookies to give you the best possible experience. Learn more