| Wednesday, 26th June 2019, 8:53 am

ലാഭത്തിലുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളും നഷ്ടത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യത്ത് ലാഭത്തിലുണ്ടായിരുന്ന ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളും നഷ്ടത്തില്‍. 250 കോടിയാണ് കേരളത്തില്‍ കമ്പനിയുടെ നഷ്ടം. ഒരിക്കല്‍പ്പോലും നഷ്ടമുണ്ടാക്കാതിരുന്ന കേരള സര്‍ക്കിള്‍ ഇതാദ്യമായാണ് നഷ്ടത്തിലാവുന്നത്.

2000 ഒക്ടോബര്‍ ഒന്നുമുതല്‍ കമ്പനിയായി മാറിയതിനുശേഷം ലാഭക്കണക്കുമാത്രം സമ്മാനിച്ച കേരള സര്‍ക്കിള്‍ 2018-’19 കാലത്തുണ്ടാക്കിയ നഷ്ടം 261 കോടി രൂപയാണ്. 2017-’18ല്‍ 634 കോടിയാണ് കേരളമുണ്ടാക്കിയിരുന്ന ലാഭം.

”സാധാരണ കേരളത്തില്‍ ലാഭത്തിലാവാറുണ്ടായിരുന്നു. ഇത്തവണ വരുമാനം കുറഞ്ഞു. അതേസമയം വരുമാനം കൂടിയില്ല എന്നതാണ് നഷ്ടത്തിലാവാന്‍ കാരണം. താരിഫ് ഈടാക്കുന്നത് കുറവാണ് ഒരു എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം. ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ആളുകള്‍ ഉപയോഗിക്കുമ്പോള്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ ഉപയോഗവും കുറഞ്ഞിരിക്കുകയാണ്.” ജീവനക്കാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയവും നോട്ടു നിരോധനവും ബി.എസ്.എന്‍.എല്ലിന്റെ വരുമാനത്തെ ബാധിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ റീചാര്‍ജിങും മറ്റ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമെല്ലാം വളരെ കുറവായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു.

ടവറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ജീവനക്കാര്‍ പ്രതികരിക്കുന്നു. ഉദാഹരണത്തിന് കണ്ണൂര്‍ ആറളത്തുള്ള ടവറില്‍ നിന്ന് ഒരു മാസം മൂന്നു രൂപയാണ് വരുമാനം. പക്ഷെ അവിടത്തെ വൈദ്യുതി ബില്‍ 17000 വരും. ഇത്തരം ടവറുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നില്ലെന്നാണ് നഷ്ടത്തിന് മറ്റൊരു കാരണം.

നഷ്ടം പരിഹരിക്കുന്നതിനായി ജീവനക്കാരുടെ ഭാഗത്ത് നിന്നും പല രീതിയിലുള്ള പ്രപ്പൊസലുകളും മാനേജ്‌മെന്റിന് കൊടുക്കുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ കുറച്ച് സമയം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമേ ബി.എസ്.എന്‍.എല്ലിനുള്ളൂവെന്നും ഇന്ത്യയിലെ മൂന്നാമത്തെ ഭൂവുടമകളാണ് ബി.എസ്.എന്‍.എല്ലെന്നും ജീവനക്കാര്‍ പറയുന്നു.

ടെക്‌നോളജി അപ്ഗ്രഡേഷന്‍ കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളും ലാഭത്തിലാക്കാന്‍ കഴിയും. നേരിട്ട് 5ജിയുമായി ആദ്യമായി രംഗത്തുവന്നാലേ ഇനി ബി.എസ്.എന്‍.എല്ലിന് വിപ്ലവം സൃഷ്ടിക്കാനാവൂ. ഇതിന് പൊതുമേഖലയെ സംരക്ഷിക്കണമെന്ന നിശ്ചയദാര്‍ഢ്യം കേന്ദ്രസര്‍ക്കാരിനുണ്ടാവണമെന്നും ഇവര്‍ പറയുന്നു.

സാമ്പത്തിക നഷ്ടം നികത്താനായി സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാനുള്ള തീരുമാനവും വന്നിരുന്നു.
പാലക്കാട് ജില്ലയില്‍ മാത്രം ചന്ദ്ര നഗറില്‍ മൂന്ന് കെട്ടിടങ്ങളും സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫിസിലും കൊടുവായൂര്‍, മണ്ണാര്‍ക്കാട്, വടക്കഞ്ചേരി, പുലാപ്പറ്റ, തൃത്താല എക്‌സ്‌ചേഞ്ചുകളിലും കെട്ടിടം വാടകക്ക് കൊടുക്കുകയാണ്.

സാമ്പത്തിക നഷ്ടം കാരണം മാസങ്ങളായി ബി.എസ്.എന്‍.എല്‍ കേരളാ സര്‍ക്കിളിലുള്ള കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍, നഷ്ടത്തെ തുടര്‍ന്ന് ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കരാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

”കരാര്‍ തൊഴിലാളികള്‍ക്ക് നാല് മാസത്തോളമായി ശമ്പളം ലഭിച്ചിട്ട്. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷമായി ബി.എസ്.എല്ലില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളുണ്ട്. സെക്യൂരിറ്റി ജീവനക്കാര്‍ക്കും രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയിട്ട്. തൊഴിലാളികളെ പിരിച്ചു വിടണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.” സ്ഥിരം ജീവനക്കാര്‍ പറയുന്നു.

54,000 തൊഴിലാളികളെ പിരിച്ചുവിടാനുള്ള നിര്‍ദേശം ബി.എസ്.എന്‍.എല്‍ ബോര്‍ഡ് അംഗീകരിച്ചതായി കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. തീരുമാനം നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പു കഴിയുംവരെ കാത്തിരിക്കുകയാണെന്നയിരുന്നു റിപ്പോര്‍ട്ട്. കരാര്‍ ജീവനക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കാനാണ് ജീവനക്കാര്‍ ശ്രമിക്കുന്നത്.

കോര്‍പ്പറേറ്റ് അനുകൂല നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നതെന്നും അതാണ് രാജ്യ വ്യാപകമായി ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ചെല്ലപ്പ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘കഴിഞ്ഞ 18 വര്‍ഷക്കാലമായി ബി.എസ്.എന്‍.എല്ലിന് യാതൊരു തടസവുമില്ലാതെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ബി.എസ്.എന്‍.എല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എങ്ങനെയാണ് ഈ സാമ്പത്തിക പ്രതിസന്ധി വന്നതെന്നതാണ് ചോദ്യം. ടെലികോം മേഖലയില്‍ നാല് വലിയ ടെലികോം സേവനദാതാക്കളാണുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയാണ് മറ്റുള്ളത്.

2014 വരെ ബി.എസ്.എന്‍.എല്‍ ലാഭം നേടിയിരുന്നു. എന്നാല്‍ 2016 മുതല്‍ ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയി. ബി.എസ്.എന്‍.എല്‍ മാത്രമല്ല, എയര്‍ടെല്ലും വോഡഫോണും നഷ്ടത്തിലായി. കാരണം റിലയന്‍സ് ജിയോയുടെ കടന്നുവരവാണ്. റിലയന്‍സ് ജിയോ എന്ന ഒരു കമ്പനി കടന്നുവരികയും മോദി സര്‍ക്കാറിന്റെ സഹായത്തോടെ അത് ഉപഭോക്താക്കളെ മുഴുവന്‍ കൈപ്പിടിയിലാക്കുകയും ചെയ്തു. മോദി സര്‍ക്കാറില്‍ നിന്നും അവര്‍ക്ക് എല്ലാ പിന്തുണയും ലഭിച്ചു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയത്.’ അദ്ദേഹം വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more