റിലയന്‍സ് ജിയോ സൗജന്യം നല്‍കിയത് സര്‍ക്കാര്‍ ചിലവില്‍; കാര്യകാരണസഹിതം വിശദീകരിച്ച് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ്
ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ ചിലവിലാണ് റിലയന്‍സ് ജിയോ ആറുമാസം ടെലികോം സേവനങ്ങള്‍ സൗജന്യമായി നല്‍കിയതെന്ന് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ചെല്ലപ്പ. ദ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
റിലയന്‍സ് ജിയോ സൗജന്യം നല്‍കിയതിനാല്‍ ലൈസന്‍സ് ഫീയായും നികുതിയായും സര്‍ക്കാറിലേക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടമായതെന്നാണ് അദ്ദേഹം പറയുന്നത്.
‘റിലയന്‍സ് ജിയോ കടന്നുവന്നത് എല്ലാം സൗജന്യമായി നല്‍കിക്കൊണ്ടാണ്. വെല്‍ക്കം ഓഫറാണ് അത് എന്നായിരുന്നു അവരുടെ അവകാശവാദം. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു ഉത്തരവുണ്ട്. അത് പറയുന്നത് എന്തെങ്കിലും സൗജന്യം നല്‍കുന്നുണ്ടെങ്കില്‍ 90 ദിവസം, അതായത് മൂന്നു മാത്രം മാത്രമേ നല്‍കാന്‍ കഴിയൂവെന്നാണ്. അതുകൊണ്ടുതന്നെ ഡിസംബറില്‍ ഇത് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ പുതുവത്സര ഓഫറെന്നു പറഞ്ഞുകൊണ്ട് മറ്റൊരു മൂന്നുമാസം കൂടി സൗജന്യം നല്‍കുന്ന ഒരു ഓഫര്‍ ജിയോ കൊണ്ടുവന്നു. സൗജന്യം എന്നതിനര്‍ത്ഥം സര്‍ക്കാര്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ്. അതായത് സ്വകാര്യ സ്ഥാപനങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അവര്‍ സര്‍ക്കാറിന് ലൈസന്‍സ് ഫീസും വരുമാനത്തിന് നികുതിയും അടക്കേണ്ടിവരും. സൗജന്യം എന്നതിനര്‍ത്ഥം സര്‍ക്കാറിന് ഒന്നും കിട്ടില്ലയെന്നാണ്. അതിനാല്‍ ഇത് നിയമവിരുദ്ധമാണ്.’ ചെല്ലപ്പ വിശദീകരിക്കുന്നു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി ജെ.എസ് ദീപക് മിശ്ര ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രായ് ചെയര്‍മാന് കത്തെഴുതിയപ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് കേന്ദ്രം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഡി.ഒ.ടി സെക്രട്ടറി ജെ.എസ് ദീപക് മിശ്ര ട്രായ് ചെയര്‍മാന് എഴുതി, റിലയന്‍സ് ജിയോ ചെയ്യുന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണ് എന്ന്. നമ്മള്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടം സഹിക്കേണ്ടിവരുമെന്ന്. ഡി.ഒ.ടി സെക്രട്ടറി യായ ദീപക് മിശ്രയെ തല്‍സ്ഥാനത്തുനിന്നും മാറ്റുകയും മറ്റൊരു സെക്രട്ടറിയെ നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ റിലയന്‍സ് ജിയോയ്ക്ക് മറ്റൊരു മൂന്നുമാസം കൂടി കിട്ടി.’ അദ്ദേഹം വിശദീകരിക്കുന്നു.
‘2016 സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ ഇന്ത്യയിലേക്കു വന്നത്. അവരുടെ കടന്നുവരവ് അറിയിച്ചുകൊണ്ട് പത്രങ്ങളിലും ടി.വി ചാനലുകളിലും പരസ്യങ്ങള്‍ വന്നിരുന്നു. അതിന്റെ അംബാസിഡര്‍ ആരായിരുന്നെന്ന് അറിയാമോ? അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹം പറഞ്ഞു, റിലയന്‍സ് ജിയോ ഉല്പന്നങ്ങള്‍ ഉപയോഗിക്കൂവെന്ന്. സ്വാഭാവികമായും റിലയന്‍സ് ജിയോ മോദി സര്‍ക്കാറിന്റേതാണെന്ന് ആളുകള്‍ വിശ്വസിക്കും. ബി.എസ്.എന്‍.എല്ലാണ് എന്‍.ഡി.എ സര്‍ക്കാറിന്റെ കമ്പനി. പക്ഷേ സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിനുവേണ്ടി യാതൊരു പരസ്യവും നല്‍കിയില്ല.’
സൗജന്യം ലഭിച്ചാല്‍ അതിനു പിറകേ പോകുകയെന്നതാണ് ജനങ്ങളുടെ രീതി. അതുവഴി റിലയന്‍സ് ജിയോയ്ക്ക് ഉപയോക്താക്കളെ അവര്‍ക്കൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വിശദീകരിക്കുന്നു.