| Tuesday, 25th June 2019, 1:05 pm

മോദി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് അനുകൂല നയമാണ് ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തത്; ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നേതാവ് ചെല്ലപ്പ വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് അനുകൂല നയമാണ് മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നതെന്നും അതാണ് ബി.എസ്.എന്‍.എല്ലിനെ തകര്‍ത്തതെന്നും ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി. ചെല്ലപ്പ. ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ 18 വര്‍ഷക്കാലമായി ബി.എസ്.എന്‍.എല്ലിന് യാതൊരു തടസവുമില്ലാതെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ബി.എസ്.എന്‍.എല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എങ്ങനെയാണ് ഈ സാമ്പത്തിക പ്രതിസന്ധി വന്നതെന്നതാണ് ചോദ്യം. ടെലികോം മേഖലയില്‍ നാല് വലിയ ടെലികോം സേവനദാതാക്കളാണുണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവയാണ് മറ്റുള്ളത്.

2014 വരെ ബി.എസ്.എന്‍.എല്‍ ലാഭം നേടിയിരുന്നു. എന്നാല്‍ 2016 മുതല്‍ ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയി. ബി.എസ്.എന്‍.എല്‍ മാത്രമല്ല, എയര്‍ടെല്ലും വോഡഫോണും നഷ്ടത്തിലായി. കാരണം റിലയന്‍സ് ജിയോയുടെ കടന്നുവരവാണ്. റിലയന്‍സ് ജിയോ എന്ന ഒരു കമ്പനി കടന്നുവരികയും മോദി സര്‍ക്കാറിന്റെ സഹായത്തോടെ അത് ഉപഭോക്താക്കളെ മുഴുവന്‍ കൈപ്പിടിയിലാക്കുകയും ചെയ്തു. മോദി സര്‍ക്കാറില്‍ നിന്നും അവര്‍ക്ക് എല്ലാ പിന്തുണയും ലഭിച്ചു. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് പോയത്.’ അദ്ദേഹം വിശദീകരിക്കുന്നു.

31000 കോടിയോളം രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നയമാണ് ഈ പ്രതിസന്ധിയുണ്ടാക്കിയത്. ഈ വര്‍ഷങ്ങളില്‍ ബി.എസ്.എന്‍.എല്ലിന്റെ മാത്രമല്ല എയര്‍ടെല്ലിന്റേയും ഐഡിയയുടേയും വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.എന്‍.എല്ലിന്റെ പ്രതിസന്ധിയില്‍ യു.പി.എ സര്‍ക്കാറിനും പങ്കുണ്ട്. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തതുവെച്ചു നോക്കുമ്പോള്‍ വളരെ ചെറുതാണ് അവരുടെ പങ്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more