| Wednesday, 20th February 2019, 12:30 pm

സുഹൃത്ത് റിലയന്‍സ് ജിയോയ്ക്ക് വാരിക്കോരിക്കൊടുത്ത കേന്ദ്രം ഇങ്ങനെയാണ് ബി.എസ്.എന്‍.എലിനെ കടക്കെണിയിലാക്കിയത്

ജിന്‍സി ടി എം

“റെയ്ഞ്ച്കാണിച്ചാലും കോള്‍ കിട്ടില്ല, രണ്ടോ മൂന്നോ തവണ വിളിച്ചാലേ ഒരു കോള്‍ കണക്ടഡ് ആവൂ, 3ജി മാത്രമേയുള്ളൂ” കേരളത്തിലെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്‍ ഉപേക്ഷിക്കാനുള്ള കാരണങ്ങളില്‍ ചിലത് മാത്രമാണിത്. ഇന്ന് കേരളത്തിലെ 98% ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ പണിമുടക്കുമ്പോള്‍ അവര്‍ക്കും പറയാനുള്ളത് ഈ പ്രശ്‌നങ്ങളിലേക്കെത്തിച്ച സര്‍ക്കാറിന്റെ അലംഭാവത്തെക്കുറിച്ചാണ്.

ഫെബ്രുവരി 18ന് ആരംഭിച്ച ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ ത്രിദിന സമരം 20ന് അവസാനിക്കുകയാണ്. കേരളത്തില്‍ 8000ത്തിലേറെ നോണ്‍ എക്‌സിക്യുട്ടീവ് സ്റ്റാഫും 2000ത്തിലേറെ എക്‌സിക്യുട്ടീവ് സ്റ്റാഫുമുള്‍പ്പെടെ 11000ത്തോളം സ്ഥിരം തൊഴിലാളികളും അതിലേറെ കരാര്‍ തൊഴിലാളികളുമാണുള്ളത്. ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ് ബി.എസ്.എന്‍.എല്‍ എന്ന ബാനറിലാണ് സമരം നടക്കുന്നത്. ബി.ജെ.പി അനുഭാവമുള്ള എക്‌സിക്യുട്ടീവ് സ്റ്റാഫുകളുള്‍പ്പെട്ട യൂണിയനായ ബി.ബി.ഒ.എ മാത്രമാണ് സമരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. 40 ഓളം പേര്‍ മാത്രമാണ് ഇക്കൂട്ടത്തിലുള്ളത്. സമരത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധയിടങ്ങളില്‍ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ബി.എസ്.എന്‍.എല്‍ ഇന്ന് ഏറ്റവും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനമായതിന്റെ കാരണം ഈ സമരത്തിലേക്കു പോകാനുള്ള സാഹചര്യം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ വിശദീകരിക്കുന്നു.

കുറഞ്ഞ വിലയില്‍ ലോകോത്തര നിലവാരത്തിലുള്ള ടെലികോം സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യമിട്ടാണ് ബി.എസ്.എന്‍.എല്‍ രൂപീകരിച്ചത്. ഗ്രാമീണ, മലയോര, വന, പിന്നാക്ക മേഖലകളില്‍ തടസമില്ലാത്ത ടെലികോം സര്‍വ്വീസ് ലക്ഷ്യമാക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്തം നടപ്പിലാക്കുന്ന ഏക കമ്പനിയാണിത്. ഗ്രാമീണ മേഖലയിലെ സേവനം അല്ലെങ്കില്‍ സാമ്പത്തികമായി ലാഭകരമല്ലാത്ത മേഖലയിലെ സര്‍വ്വീസുകളുണ്ടാക്കുന്ന നഷ്ടം ബി.എസ്.എന്‍.എല്ലിന് നല്‍കുമെന്നായിരുന്നു രൂപീകരിക്കുന്ന സമയത്ത് ഒരുകൂട്ടം മന്ത്രിമാര്‍ തീരുമാനിച്ചത്. ഒരുകാരണവശാലും ബി.എസ്.എന്‍.എല്ലിനെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കില്ലെന്നും അന്ന് മന്ത്രിമാരുടെ സംഘം തീരുമാനിച്ചിരുന്നു.

എന്നാല്‍ ഗ്രാമീണ മേഖലയില്‍ ലാന്റ് ലൈന്‍ സര്‍വ്വീസുകള്‍ നല്‍കുന്നതിലെ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ക്രമേണ കുറയ്ക്കുകയും പിന്നീട് പൂര്‍ണമായി എടുത്തുമാറ്റുകയും നഷ്ടം ബി.എസ്.എന്‍.എല്ലിനു ബാധ്യതയാക്കുകയുമാണ് ചെയ്തതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനാവശ്യമായ ഉപകരണങ്ങള്‍ ശേഖരിക്കാന്‍ 2007 മുതല്‍ 2012 വരെ ബി.എസ്.എന്‍.എല്‍ നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ അനാവശ്യ എതിര്‍പ്പുകള്‍ കാരണം തടസപ്പെട്ടെന്നും ഇവര്‍ പറയുന്നു.

2010ല്‍ സര്‍ക്കാര്‍ ബി.എസ്.എന്‍.എലിന്റെ സാമ്പത്തികമായി ലാഭകരമല്ലാത്ത മേഖലകള്‍ക്കുള്‍പ്പെടെ 3ജി സ്‌പെക്ട്രവും ബി.ഡബ്ല്യു.എ സ്‌പെക്ട്രവും അനുവദിക്കുകയും ഇതിനായി 18500 കോടി ഈടാക്കുകയും ചെയ്തു. ബി.എസ്.എന്‍.എലിന്റെ ധനശേഖരത്തിന്റെ മുക്കാല്‍ഭാഗവും അങ്ങനെ തീര്‍ന്നു. ബി.എസ്.എന്‍.എലിനെ നഷ്ടത്തിലാക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം നടത്തിയ ഇടപെടലുകളാണിതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. അതേസമയം ചട്ടങ്ങളില്‍ ഇളവു നല്‍കിയും നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാര്‍ സ്വകാര്യ ടെലികോം സേവനദാതാക്കളെ സഹായിച്ചെന്നും തൊഴിലാളികള്‍ പറയുന്നു. അതിനു ചില ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ടെണ്ടര്‍ പ്രകാരം സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ അടയ്‌ക്കേണ്ട ലൈസന്‍സ് ഫീ 1999ല്‍ വാജ്‌പേയ് സര്‍ക്കാര്‍ ചട്ടം ലംഘിച്ചുകൊണ്ട് കുറച്ചുകൊടുത്തു. ഇതുകാരണം ഖജനാവിന് 43,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി. “ടെലികോം കുംഭകോണം” എന്നാണ് ഇത് അറിയപ്പെട്ടത്.

സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ നിരവധി ക്രമക്കേടുകളുണ്ടെന്നാണ് ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മീഷന്‍ കണ്ടെത്തിയത്. 2ജി സ്‌പെക്ട്രം അഴിമതിയെന്നാണ് ഈ ക്രമക്കേടുകള്‍ അറിയപ്പെട്ടത്. ഇതെല്ലാം 2009-10 കാലഘട്ടത്തില്‍ ബി.എസ്.എന്‍.എല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണമായെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ഇതോടെ ബി.എസ്.എന്‍.എലിനെ ജീവനക്കാര്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഒടുക്കം ബി.എസ്.എന്‍.എലിന് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 2012 മുതല്‍ ഉപകരണങ്ങള്‍ ശേഖരിക്കല്‍ തുടങ്ങുകയും അതിന്റെ ഫലമായി 2014-15 വര്‍ഷത്തില്‍ 672 കോടി രൂപയും 2015-16 വര്‍ഷത്തില്‍ 3854 കോടി രൂപയും ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തന ലാഭം നേടി. 2014-15 വര്‍ഷത്തില്‍ 8234 കോടി നഷ്ടമുണ്ടായിരുന്നത് തൊട്ടടുത്ത വര്‍ഷം 4859 കോടിയായും 2016-17ല്‍ 4793 കോടിയായും കുറഞ്ഞു.

എന്നാല്‍ റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ വോഡഫോണ്‍, ഐഡിയ എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ നഷ്ടത്തിലേക്ക് നീങ്ങാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം 2017-18 വര്‍ഷം 7992 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയുമായുള്ള മത്സരത്തില്‍ വരുമാനവും കുത്തനെ ഇടിഞ്ഞു.

റിലയന്‍സ് ജിയോ 4ജി സ്‌പെക്ട്രം നേടിയത് അധാര്‍മ്മികമായ രീതിയിലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. 2 കോടി ആകെ മൂല്യമുള്ള ഇന്‍ഫോടെല്‍ കമ്പനി 4ജി ലേലത്തില്‍ പങ്കെടുക്കുകയും രാജ്യത്തെ എല്ലാ സര്‍ക്കിളുകള്‍ക്കുമായി 12000 കോടി രൂപയ്ക്ക് ലേലം നേടുകയും ചെയ്തു. വെറും രണ്ടുകോടി മൂല്യമുള്ള കമ്പനിക്ക് എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്‌പെക്ടം നേടാന്‍ കഴിഞ്ഞതെന്നത് ടെലികോം മന്ത്രാലയമോ മന്ത്രിയോ ചോദ്യം ചെയ്തില്ല. ഈ ഇന്‍ഫോടെല്‍ കമ്പനിയെ വളരെ പെട്ടെന്നു തന്നെ റിലയന്‍സ് ജിയോ സ്വന്തമാക്കുകയും ചെയ്തു.

മറ്റൊന്ന് റിലയന്‍സ് ജിയോയുടെ ഒറിജിനല്‍ ലൈസന്‍സ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു മാത്രമുള്ളതാണ്. എന്നാല്‍ അതിന് വോയിസ് കോളുകള്‍ക്ക് കൂടി ലൈസന്‍സ് അനുവദിച്ചു. കൂടാതെ 30% ഉപഭോക്താക്കളെ കിട്ടുന്നതുവരെ സൗജന്യ സേവനം നല്‍കാന്‍ റിലയന്‍സ് ജിയോയെ ട്രായ് അനുവദിക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം നിയമവിരുദ്ധമാണ്. അടുത്തിടെ ടെലികോം തര്‍ക്ക പരിഹാര വിഭാഗം ട്രായിയുടെ ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ റിലയന്‍സ് ജിയോ മാര്‍ക്കറ്റിന്റെ 23% നേടിയെടുത്തിരുന്നു. ടി.ഡി.എസ്.എ.ടിയുടെ ഈ ഉത്തരവിനെതിരെ ട്രായ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

സ്‌പെക്ട്രം ചാര്‍ജ് തവണകള്‍ അടയ്ക്കാനുള്ള കാലാവധി 10ല്‍ നിന്നും 16 വര്‍ഷത്തേക്ക് നീട്ടിക്കൊണ്ട് ഈ സര്‍ക്കാര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാരെ ബാങ്കുകളിലെ കടബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ സഹായിച്ചു. അവര്‍ക്ക് കൂടുതല്‍ ഇളവു നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നുമാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.

സ്വകാര്യ കമ്പനികള്‍ക്ക് ഇത്രയേറെ ഇളവുകള്‍ നല്‍കിയപ്പോഴും ബി.എസ്.എന്‍.എലിന് യാതൊരു ഇളവുകളും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കുന്നത് സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും ലോണെടുക്കാന്‍ ആവശ്യമായ ലെറ്റര്‍ ഓഫ് കോണ്‍ഫിഡന്‍സ് ബി.എസ്.എന്‍.എല്ലിന് സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്.

ബി.എസ്.എന്‍.എല്‍ രൂപീകരിക്കുന്ന സമയത്തെ ഉത്തരവു പ്രകാരം ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ ഭൂമിയും സ്വത്തുക്കളും ബി.എസ്.എന്‍.എലിനു കൈമാറിയിരുന്നു. എന്നാല്‍ അതിന്റെ നടപടി ക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ബി.എസ്.എന്‍.എല്‍ ഭൂമികളില്‍ നിന്നും വര്‍ഷം 7000 കോടി മുതല്‍ 10000 കോടി വരെ വരുമാനം ലക്ഷ്യമിട്ട് കമ്പനി നിര്‍ദേശിച്ച ലാന്റ് മാനേജ്‌മെന്റ് പോളിസി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബി.എസ്.എന്‍.എല്‍ അടച്ചുപൂട്ടുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്ത് തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more