സാമ്പത്തിക പ്രതിസന്ധിമൂലം ബി.എസ്.എന്‍.എല്ലില്‍ നിന്ന് കൂട്ട വിരമിക്കലിനൊരുങ്ങുകയാണ് ജീവനക്കാര്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദ്ദേശങ്ങളിലൊന്നാണ് സ്വയം വിരമിക്കല്‍ പദ്ധതി. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ വിരമിക്കല്‍.
4596 ബി.എസ്.എന്‍.എല്‍ ജീവനക്കാരാണ് കേരളത്തില്‍ നിന്നും വ്യാഴാഴ്ച വിരമിച്ചത്. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല.
മലപ്പുറം ജില്ലയില്‍ നിന്നു മാത്രം 278 പേര്‍ വിരമിച്ചതായി ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്റെ കൊണ്ടോട്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘പിരിഞ്ഞുപോവുന്നവരില്‍ ഭൂരിഭാഗം ആളുകളും തങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം മൂലമാണ് പിരിഞ്ഞുപോവുന്നത്. വലിയ പ്രതിസന്ധിയാണ് ഞങ്ങള്‍ നേരിടുന്നത്. ഡിസംബറിലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. സാധാരണ രീതിയിലുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് ബി.എസ്.എന്‍.എല്‍ അറിയിച്ചത്. ജീവനക്കാര്‍ കൂടുതലായുള്ളതാണ് ബി.എസ്.എന്‍.എല്‍ നഷ്ടത്തിലാവാന്‍ കാരണമെന്നാണ് അവര്‍ ഞങ്ങളോട് പറയുന്നത്.
എന്നാല്‍ ഭൂരിഭാഗം ജീവനക്കാരും അതിനോട് യോജിക്കുന്നില്ല. കൂട്ടമായി പിരിച്ചുവിടുന്നതിനെതിരെ ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്റെ ഭാഗമായി ഞങ്ങള്‍ പ്രതികരിച്ചിരുന്നു. 1.63ലക്ഷം ജീവനക്കാരാണ് ബി.എസ്.എന്‍.എല്ലില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ 3.50 ലക്ഷം ജീവനക്കാരുള്ള സമയത്ത് ബി.എസ്.എന്‍.എല്‍ ഇതിലും കൂടുതല്‍ ലാഭത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ ജീവനക്കാരുടെ എണ്ണം കാരണമാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല’,കൃഷ്ണദാസ് പറയുന്നു.
‘മറ്റുള്ള ടെലികോം കമ്പനികള്‍ക്കൊപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ ടെക്‌നോളജിയിലേക്ക് മാറുക എന്നതാണ് മാര്‍ഗം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനുള്ള സഹായങ്ങള്‍ ബി.എസ്.എന്‍.എല്ലിന് ചെയ്തു തരുന്നില്ലെന്നതാണ് പ്രധാന കാരണം. മറ്റ് ടെലികോം കമ്പനികള്‍ക്ക് 3-ജി കിട്ടിയതിന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.എസ്.എന്‍.എല്ലിന് 3-ജി കിട്ടുന്നത്. എന്നിട്ടും മറ്റ് പ്രൈവറ്റ് കമ്പനികള്‍ക്കൊപ്പം എത്താന്‍ ബി.എസ്.എന്‍.എല്ലിന് സാധിച്ചിരുന്നു.
ബ്രോഡ്ബാന്‍ഡ് സംവിധാനവും ലാന്‍ഡ്‌ലൈന്‍ സംവിധാനവും കാര്യക്ഷമമായി നടന്നിരുന്നു. എന്നാല്‍ ഫോര്‍ ജിയുടെ വരവോട് കൂടി ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്ബാന്‍ഡ് സംവിധാനത്തെ അത് കാര്യമായി ബാധിക്കുകയായിരുന്നു. ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്തുവന്നവര്‍ തിരികെ പോകുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്.
വൊളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം വഴി നിലവില്‍ പിരിഞ്ഞു പോവുന്ന ജീവനക്കാര്‍ മറ്റ് സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യരുതെന്ന നിബന്ധനയുമുണ്ട്. ഇനി എന്ത് തൊഴിലില്‍ ഏര്‍പ്പെടുമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക ജീവനക്കാരും’, കൃഷ്ണദാസ് പറയുന്നു.
ജീവനക്കാര്‍ ആഗ്രഹിക്കുന്ന രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം ലഭിക്കാത്ത സാഹചര്യത്തിലും മറ്റുള്ള ടെലികോം കമ്പനികളുമായി മത്സരിക്കേണ്ട അവസ്ഥ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കുണ്ടായിരുന്നുവെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
കൂട്ടമായി ജീവനക്കാര്‍ പിരിഞ്ഞുപോവേണ്ട സാഹചര്യത്തിലേക്ക് ബി.എസ്.എന്‍.എല്ലിനെ എത്തിച്ചത് കേന്ദ്രസര്‍ക്കാറാണെന്ന് ഓള്‍ ഇന്ത്യ ബി.എസ്.എന്‍.എല്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മാധവന്‍.എം.എന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ശമ്പളം മുടങ്ങിയതിലൂടെ ആളുകള്‍ ആശങ്കപ്പെട്ടു തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘17169 കോടി രൂപയാണ് വി.ആര്‍.എസ് (വൊളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം )പദ്ധതിയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്. എന്നാല്‍ ബി.എസ്.എന്‍.എല്‍ രൂപീകരിച്ച സമയം മുതല്‍ ഇതുവരെ ബി.എസ്.എന്‍.എല്ലിനെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോള്‍ നല്‍കുന്ന സഹായം നേരത്തേ നല്‍കിയിരുന്നെങ്കില്‍ ബി.എസ്.എന്‍.എല്ലിന് വികസന സാധ്യതകള്‍ ഉണ്ടാവുമായിരുന്നു. ബി.എസ്.എന്‍.എല്ലിന് ഇപ്പോഴും 4-ജി ഇല്ല. ജീവനക്കാരെ പിരിച്ചുവിട്ടതുകൊണ്ട് ബി.എസ്.എന്‍.എല്‍ ലാഭത്തിലെത്തുമെന്ന കാര്യത്തില്‍ വിശ്വസിക്കുന്നില്ല’, മാധവന്‍ കൂട്ടിച്ചേര്‍ത്തു.
പകുതിയോളം ആളുകളാണ് ബി.എസ്.എന്‍.എല്ലില്‍ നിന്നും കൂട്ടമായി വിരമിക്കുന്നത്. ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളൂ. ഓരോ എസ്.എസ്.എ തലത്തിലാണ് കരാര്‍ നല്‍കുക. നിലവില്‍ മിക്ക എക്‌സ്‌ചേഞ്ചുകളിലും ലാന്‍ഡ്‌ഫോണ്‍ തകരാറുകള്‍ പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ട്.
ബി.എസ്.എന്‍.എല്‍ പാക്കേജില്‍ പ്രഖ്യാപിച്ച 4-ജി സ്‌പെക്ട്രം നടപടികളും ആയിട്ടില്ല. പ്രവര്‍ത്തനമൂലധനത്തിന് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ച നടപടികള്‍ ഒന്നുമായിട്ടില്ല. 3000 കോടി രൂപയുടെ ബാങ്ക് വായ്പ ഇതുവരെ കിട്ടിയിട്ടുമില്ല. 14,000 കോടി രൂപയുടെ കടപ്പത്രം ഇറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇവ രണ്ടും ഡിസംബറില്‍ ഉണ്ടാവുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.
കൂട്ടവിരമിക്കലിന് ശേഷം ജീവനക്കാരുടെ പുനര്‍വിന്യാസം ഉടന്‍ ഉണ്ടാവുമെന്നാണ് കേരള സര്‍ക്കിള്‍ സെക്രട്ടറി ടെലികോം ഓഫീസേഴ്‌സ് അസോസിയേഷന്‍ എസ്.ദേവീദാസന്‍ പറയുന്നത്. ടെലികോം സേവനങ്ങളില്‍ പ്രശ്‌നം ഉണ്ടാവാതിരിക്കാനും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ദേവീദാസന്‍ കൂട്ടിച്ചേര്‍ത്തു.