തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയം തുടരുന്ന സാഹചര്യത്തില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകാനുളള തീരുമാനത്തിലാണ് കേരള മെമ്പാടുമുള്ള ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികള്‍. വ്യാഴാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.
കൂലി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ ഏഴുമാസമായി തങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെയും മാനേജ്‌മെന്റും ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടാവുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ബി.എസ്.എന്‍.എല്ലിന് 4ജി സേവനം നിഷേധിച്ചുകൊണ്ട് റിലയന്‍സ് ജിയോയെ അഭിവൃദ്ധിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങളാണ് ബി.എസ്.എന്‍.എല്ലിനെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കു കാരണമെന്ന് ബി.എസ്.എന്‍.എല്‍ കാഷ്വല്‍ കോണ്ട്രാക്ട് ലേബര്‍ യൂണിയന്‍ (സി.സി.എല്‍.യു) വര്‍ക്കിങ് പ്രസിഡന്റ് കെ. മോഹനന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഈ മാസങ്ങളില്‍ ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരുന്നു കരാര്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചുകൊണ്ടിരുന്നത്. പക്ഷേ നിരവധി ബി.എസ്.എന്‍.എല്‍ തൊഴിലാളികളോട് ഇവിടം വിട്ടു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്വേച്ഛാധിപത്യപരമായാണ് മാനേജ്‌മെന്റ് പ്രതികരിച്ചത്. ഇപ്പോള്‍ സ്ഥിരം തൊഴിലാളികളുടെ ശമ്പളത്തെ വരെ ബാധിച്ചിരിക്കുകയാണ്. അനിശ്ചിതകാല സമരത്തിലേക്ക് പോകുകയല്ലാതെ കരാര്‍ തൊഴിലാളികള്‍ക്കു മുമ്പില്‍ മറ്റു വഴികളൊന്നുമില്ല. ‘ മോഹനന്‍ പറഞ്ഞു.
ജൂണ്‍ 24 മുതല്‍ സി.ഐ.ടി.യുവിനു കീഴിലുള്ള ബി.എസ്.എന്‍.എല്‍ സി.സി.എല്‍.യു തൊഴിലാളികള്‍ തിരുവനന്തപുരത്തെ ചീഫ് ജനറല്‍ മാനേജരുടെ ഓഫീസിനു പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. ശമ്പള കുടിശ്ശിക ഉടന്‍ തീര്‍ക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. പക്ഷേ സര്‍ക്കാറും മാനേജ്‌മെന്റും ഇതിനോട് പ്രതികരിച്ചില്ലെന്നു മാത്രമല്ല 2000ത്തോളം കരാര്‍ തൊഴിലാളികളോട് സ്ഥാപനം വിട്ടുപോകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിരമിക്കല്‍ പ്രായത്തില്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയാണ് മാനേജ്‌മെന്റ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നും കരാര്‍ തൊഴിലാളികള്‍ ആരോപിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനു പുറമേ മാനേജ്‌മെന്റ് അടുത്തിടെ എല്ലാ സര്‍ക്കിളുകളിലും അയച്ച സര്‍ക്കുലറില്‍ കരാര്‍ തൊഴിലാളികളുടെ എണ്ണവും ചിലവും 30% വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരം തൊഴിലാളികള്‍ ഇല്ലാത്ത ജോലികള്‍ക്കു മാത്രമേ കരാര്‍ തൊഴിലാളികളെ നിയോഗിക്കാവൂവെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ സാഹചര്യത്തില്‍ മൂന്നു ദിവസം മാത്രമേ കരാര്‍ തൊഴിലാളികളെ ജോലി ചെയ്യിക്കേണ്ടതുള്ളൂവെന്നും മാനേജ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. വേതനം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിനിനിമയ ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
2019 ഫെബ്രുവരി മുതല്‍ തൊഴിലാളികളുടെ വേതനം കുടിശ്ശികയാണ്. തൊഴിലാളികളുടെ കുടുംബങ്ങളെ ഇത് പ്രസിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എണ്ണായിരത്തോളം കരാര്‍ തൊഴിലാളികളാണ് ബി.എസ്.എന്‍.എല്ലില്‍ ജോലി ചെയ്യുന്നത്. ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ തൊഴിലാളികള്‍ക്കുപോലും അടിസ്ഥാന ദിവസ വേതനം 500 രൂപയില്‍ താഴെയാണ്.
കേബിള്‍ ജോലികള്‍ക്ക് കരാര്‍ തൊഴിലാളികളെയാണ് ബി.എസ്.എന്‍.എല്‍ ഏറെയും ആശ്രയിക്കുന്നത്. തൊഴിലാളികളുടെ സമരം നീണ്ടുപോകുന്നത് കേബിള്‍ അറ്റകുറ്റപ്പണികളെ ബാധിക്കും. 2013 മുതല്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനം വഴിയാണ് ബി.എസ്.എന്‍.എല്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്.
നേരത്തെ ബി.എസ്.എന്‍.എല്ലില്‍ നേരിട്ടായിരുന്നു നിയമനം. ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ മുഖേനയാണ് തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുന്നത്. ബി.എസ്.എന്‍.എല്‍ ഫണ്ട് അനുവദിക്കാത്തതാണ് ജീവനക്കാരുടെ വേതനം മുടങ്ങാന്‍ കാരണമെന്നാണ് കരാര്‍ കമ്പനിയുടെ വിശദീകരണം.