ന്യൂദല്‍ഹി: കോള്‍ സെന്ററുകള്‍ക്ക് പിന്നാലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് സെന്ററുകളും ബി.എസ്.എന്‍.എല്‍ സ്വകാര്യവത്കരിക്കുന്നു. സര്‍ക്കിളുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കിയതിന് പുറേമ, ഏജന്‍സികളെ കണ്ടെത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
കെട്ടിടമടക്കം നിലവിലെ സൗകര്യങ്ങള്‍ ഏജന്‍സിയ്ക്ക് കൈമാറും. ഇതോടെ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ഫോണ്‍, മൊബൈല്‍ കണക്ഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കലും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കലുമടക്കം ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ചുമതലകള്‍ പൂര്‍ണമായും സ്വകാര്യ ഏജന്‍സികള്‍ക്കായിരിക്കും.
മൂലധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യവത്കരണനീക്കമെന്നാണ് വിശദീകരണം. കസ്റ്റമര്‍ സര്‍വീസില്‍ മുന്‍പരിചയമുള്ളവരെയാണ് പരിഗണിക്കുന്നത്.
കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ കൈമാറുന്നതിലൂടെ ഈ മേഖലയിലെ തൊഴിലാളികളുടെ കാര്യവും പ്രതിസന്ധിയിലാകുമെന്ന് മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പുനരധിവാസത്തെക്കുറിച്ച് ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും വിശദീകരണം വന്നിട്ടില്ല.
കേരള സര്‍ക്കിളിന് കീഴില്‍ മാത്രം 425 ഓളം കസ്റ്റമര്‍ സര്‍വിസ് സെന്ററുകളിലായി 2000ത്തോളം ജീവനക്കാരാണുള്ളത്. ഇതിനാല്‍ ജീവനക്കാരെ പൂര്‍ണമായും നിലനിര്‍ത്തുന്നതിനൊപ്പം സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല നല്‍കുന്നതിലൂടെ ഇരട്ടിച്ചെലവാണ് ബി.എസ്.എന്‍.എല്ലിന് ഉണ്ടാവുക. ബി.എസ്.എന്‍.എല്ലിന്റെ വിവിധ സംവിധാനങ്ങളില്‍നിന്ന് ഘട്ടംഘട്ടമായി ജീവനക്കാരെ പുറത്താക്കുന്ന നടപടികളിലെ ഏറ്റവും ഒടുവിലത്തേതാണിത്.