ഇംഫാല്‍: മണിപ്പൂരില്‍ പലചരക്ക് കടയ്ക്കുള്ളില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രം നടത്തിയ സൈനികനെ സസ്‌പെന്‍ഡ് ചെയ്തു. ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളായ സതീഷ് പ്രസാദാണ് പലചരക്ക് കടയ്ക്കുള്ളില്‍ വെച്ച് സ്ത്രീയെ ഉപദ്രവിച്ചത്. ജൂലൈ 20ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ പലചരക്ക് കടയിലാണ് സംഭവം നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്തു.
അര്‍ധസൈനിക വിഭാഗത്തിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആരോപണം പരിശോധിച്ചതായും തുടര്‍ന്ന് അതേ ദിവസം തന്നെ സൈനികനെ സസ്‌പെന്‍ഡ് ചെയ്തതായും ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
”ജൂലൈ 20ന് ഇംഫാലില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള കടയിലാണ് സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ സതീഷ് പ്രസാദ് എന്നയാളാണ് പ്രതി. അയാളെ സസ്പെന്‍ഡ് ചെയ്യുകയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു,’ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ തൗബാല്‍ ജില്ലയില്‍ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയര്‍ന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.
ആ വീഡിയോ വൈറലായി ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സ്ത്രീക്ക് നേരെയുള്ള അതിക്രമത്തിന്റെ വീഡിയോ പുറത്തുവരുന്നത്. അതിനിടെ മണിപ്പൂരിലെ വംശീയ കലാപത്തെ തുടര്‍ന്ന് റദ്ദാക്കിയ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനസ്ഥാപിച്ചു.
ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാകുക. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകില്ല. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.