ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ബി.എസ്.എഫ് ഭടനെ ഭീകരര്‍ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തി. ബി.എസ്.എഫിലെ 73ാം ബറ്റാലിയനിലെ മുപ്പത് വയസുകാരനായ റമീസ് അഹമ്മദ് പാരെയെ ആണ് ഭീകരര്‍ വധിച്ചത്. റമീസിന്റെ കുടുംബാഗംങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.
ബുധാഴ്ച രാത്രി ആണ് റമീസിന്റെ വീടിന് നേരെ ആക്രമണം നടന്നത്. കുടുംബാംഗങ്ങളുമായി അവധിക്കാലം ആഘോഷിക്കുന്നതിന് വീട്ടിലെത്തിയതായിരുന്നു റമീസ്. വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ റമീസ് കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ പിതാവിനും രണ്ടു സഹോദരങ്ങള്‍ക്കും മറ്റൊരു ബന്ധുവായ സ്ത്രീക്കും വെടിയേറ്റിട്ടുണ്ട്. ഇതില്‍ സത്രീയുടെ നില ഗുരുതരമാണ്.
ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയെന്ന് സൈന്യം അറിയിച്ചു. മനുഷ്യത്വ രഹിതമായ ക്രൂര കൃത്യം ചെയ്തത് ആരായാലും എത്രയും പെട്ടന്ന് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജമ്മുകശ്മീര്‍ ഡി.ജി.പി എസ്.പി വൈദ്പറഞ്ഞു.
ഇത് ആദ്യമായല്ല സൈനികരെ വീട്ടില്‍ കയറി ഭീകരര്‍ വധിക്കുന്നത്. 2017 മേയില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയ
ഉമ്മര്‍ ഫയാസിനെ ഭീകരര്‍ തട്ടികൊണ്ട് പോയി വധിച്ചിരുന്നു. കശ്മീരിലെ ഭീകരപ്രകവര്‍ത്തനങ്ങളെ കുറിച്ച് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ വെളിപ്പെടുത്തിയതിന്റെ തൊട്ട് പിന്നാലെയാണ് വീണ്ടും ബി.എസ്.എഫ് ഭടന്‍ കൊല്ലപ്പെട്ടത്.