| Tuesday, 7th March 2017, 9:00 am

പട്ടാളക്കാരുടെ അവകാശങ്ങളറിയാന്‍ വിവരാവകാശം നല്‍കി; അനുഭവിച്ചത് കൊടിയ യാതനകളും പുറത്താക്കലും ; ഒടുവില്‍ ബി.എസ്.എഫ് ജവാന്‍ ഷിബിന്‍ മടങ്ങിയെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പട്ടാളക്കാരന്റെ അവകാശങ്ങള്‍ അറിയാന്‍ വിവരാവകാശം നല്‍കുകയും തുടര്‍ന്ന് പശ്ചിമ ബംഗാളിലെ പട്ടാള ക്യാമ്പില്‍ ക്രൂര പീഡനത്തിന് ഇരയാവുകയും ചെയ്ത ബി.എസ്.എഫ് ജവാന്‍ നാട്ടിലേക്ക മടങ്ങിയെത്തി. ആലപ്പുഴ വടക്കനാര്യാട് സ്വദേശിയായ ഷിബിന്‍ തോമസ് ഇന്നലെ രാവിലെയാണ് ആലപ്പുഴയിലെത്തിയത്.

പട്ടാളത്തില്‍ നിന്നും ഷിബിന്‍ മടങ്ങുന്നത് സിവിലിയനായാണ്. വിവരാവകാശം വഴി പട്ടാളക്കാരന്റെ അവകാശങ്ങള്‍ അറിയാന്‍ അപേക്ഷ നല്‍കിയതാണ് ഷിബിനെ പട്ടാളത്തില്‍ നിന്നും പിരിച്ചു വിടാന്‍ ഇടയായത്. ഇത് രണ്ടാമത്തെ തവണയാണ് ഷിബിനെ പട്ടാളത്തില്‍ നിന്നും പുറത്താക്കുന്നത്.

ആദ്യം ഷിബിനെ പുറത്താക്കുന്നത് 2015 ഡിസംബറിലായിരുന്നു. ഭക്ഷണവും കുടിക്കാന്‍ വെള്ളവുമില്ലാതെയും ആഴ്ച്ചകളോളം ക്യാമ്പില്‍ കഴിഞ്ഞ ഷിബിന്‍ ദുരിതം സഹിക്കവയ്യാതെ അധികാരികളുടെ അരികിലെത്തുകയായിരുന്നു.


Also Read: ഹിന്ദുസംസ്‌കാര വിരുദ്ധം; പിറന്നാള്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കരുതെന്ന് കേന്ദ്ര മന്ത്രി


വിവരാവകാശം നല്‍കിയാണ് ഷിബിന്‍ മേലുദ്യോഗസ്ഥരെ സമീപിച്ചത്. ഇതോടെ ഷിബിനെ സേനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ഷിബിന്റെ അമ്മ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടേയും ഡല്‍ഹി ഹൈക്കോടതി വിധിയേയും തുടര്‍ന്ന് ഷിബിനെ തിരികെ എടുക്കുകയായിരുന്നു.

പട്ടാളത്തിലേക്ക് തിരികെ എത്തിയെങ്കിലും ദുരിതങ്ങളുടെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ബെറ്റാലിയനില്‍ നിന്നും തരംതാഴ്ത്തുകയും ബംഗാളില്‍ നിന്നും ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് ഷിബിനെ മാറ്റുകയും ചെയ്തു.

ഇതിനിടെ ഹെഡ്ഡ്‌കോട്ടേഴ്‌സിലേക്ക് വിളിപ്പിച്ച് സെല്ലില്‍ അടച്ചിടുകയും ചെയ്തു. ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചും ആഴ്ച്ചകളോളം പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതേയും മേലുദ്യോഗസ്ഥര്‍ ഷിബിനെ പീഡിപ്പിക്കുകയായിരുന്നു.


Dont Miss: ഇറാഖിനെ ഒഴിവാക്കി ട്രംപിന്റെ പുതിയ കുടിയേറ്റ നിയന്ത്രണ ബില്‍


ഷിബിന്റെ ഭാര്യ സോഫിയയുടെ വാര്‍ത്ത സമ്മേളനത്തെ തുടര്‍ന്നാണ് ഷിബിന്റെ ദുരിതങ്ങളെക്കുറിച്ച് ലോകം അറിയുന്നത്. തിരികെ എത്തിയെങ്കിലും പട്ടാളക്കാരുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് ഷിബിന്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more