|

ബി.എസ്.എഫ് ജവാന്‍ പാകിസ്ഥാന്റെ 'ഹണി ട്രാപ്പി'ല്‍ അകപ്പെട്ടതായി ആരോപണം; വിവരങ്ങള്‍ ചോര്‍ത്തിയതിന് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പാകിസ്ഥാനിലെ ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ബി.എസ്.എഫ് ജവാനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലെ രേവയില്‍ നിന്നുള്ള അച്യുതാനന്ദ് മിശ്ര എന്ന ജവാനെ “ഹണി ട്രാപ്പി”ല്‍ അകപ്പെടുത്തിയാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍, പൊലീസ് അക്കാദമി, പരിശീലന കേന്ദ്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍ എന്നു തെറ്റിദ്ധരിപ്പിച്ചാണ് യുവതി ജവാനില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്. അറസ്റ്റിലായ മിശ്രയെ എ.ടി.എസ്, ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോടു പറഞ്ഞു.

Also Read: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ജയില്‍ മോചിതനായി

2016 മുതല്‍ തന്നെ യുവതിക്ക് യൂണിറ്റ് ലൊക്കേഷന്‍ അടക്കമുള്ളവയുടെ വിവരങ്ങളും ദൃശ്യങ്ങളും ചോര്‍ത്തി നല്‍കുന്നുണ്ടെന്നാണ് ആരോപണം. “പാകിസ്ഥാനി ദോസ്ത്” എന്നു രേഖപ്പെടുത്തിയ നമ്പറില്‍ മിശ്ര വിവരങ്ങള്‍ കൈമാറിയതിനു തെളിവുകളുള്ളതായി ഉത്തര്‍ പ്രദേശ് ഡി.ജി.പി പറയുന്നു.

ഇന്ത്യന്‍ സൈന്യത്തിലെ ജവാന്മാരെ “ഹണി ട്രാപ്പിംഗ്” വഴി കെണിയില്‍പ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുന്ന രീതി ഐ.എസ്.ഐ സ്വീകരിക്കുന്നുണ്ടെന്നാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉയര്‍ത്തുന്ന വാദം.

Video Stories