| Wednesday, 17th May 2017, 7:20 pm

സൈനികന്റെ സഹോദരിക്ക് ഭീകരരുടെ ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍; അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കുടുംബം; വിവാദത്തില്‍ കുരുങ്ങി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചണ്ഡിഗഡില്‍ പഠിക്കുന്ന സഹോദരിക്ക് ഭീകര ഭീഷണിയുണ്ടെന്നും അതിനാല്‍ സുരക്ഷയുടെ ഭാഗമായി ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും കശ്മീരുകാരനായ ബി.എസ്.എഫ് കമാന്‍ഡന്റ് ആവശ്യപ്പെട്ടുവെന്ന കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ സന്ദേശം വിവാദത്തില്‍. ബി.എസ്.എഫ് കമാന്‍ഡന്റും കുടുംബവും ഭീകരരുടെ ഭീഷണിയെന്ന വാദം നിഷേധിച്ച് രംഗത്തെത്തിയതാണ് മന്ത്രാലയത്തിന് വിനയായത്.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും വന്ന നാല് ട്വീറ്റുകളാണ് കുഴപ്പം സൃഷ്ടിച്ചത്. രാജ്യത്തെ കാക്കുന്ന സൈനികരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടമയാണെന്നു പറഞ്ഞാണ് ആദ്യ ട്വീറ്റ് വന്നത്.


Also Read: ഇസ്‌ലാമിക നിയമപ്രകാരം അംഗീകരിക്കാനാകില്ല; മലപ്പുറത്ത് കുടുംബ കോടതി തലാഖ് അപേക്ഷ തള്ളി


നബീല്‍ അഹമ്മദ് വാനിയെന്ന ബി.എസ്.എഫ് കമാന്‍ഡന്റിന്റെ ചത്തീസ്ഗഡില്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സഹോദരിക്ക് ഭീകരരുടെ ഭീഷണിയുണ്ടെന്നും അതിനാല്‍ ഹോസ്റ്റല്‍ സൗകര്യം നല്‍കണമെന്നും സൈനികന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു ട്വീറ്റ്. വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിഷയത്തില്‍ ഉടന്‍ ഇടപെടുകയും കോളജ് അധികൃതരുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന്, സൈനികന്റെ സഹോദരിയെ ഹോസ്റ്റലില്‍ കഴിയാന്‍ അനുവദിച്ചു വനിത ശിശുക്ഷേമ മന്ത്രാലയം പിന്നീടു പോസ്റ്റ് ചെയ്ത ട്വീറ്റില്‍ കുറിച്ചു.

എന്നാല്‍ മന്ത്രാലയം പറയുന്നതുപോലെ തന്റെ സഹോദരിക്ക് ഭീകരരുടെ ഭീഷണിയില്ലെന്ന് സൈനികന്‍ വെളിപ്പെടുത്തുകയായിരുന്നു. കശ്മീരിലെ ഉദ്ദംപൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ലാട്ടി എന്ന സ്ഥലത്താണ് കുടുംബം താമസിക്കുന്നത്. സഹോദരിക്ക് ഭീഷണിയുണ്ടെന്ന കേന്ദ്രത്തിന്റെ വാദം വ്യാജമാണ്. ഭീകരരില്‍ നിന്നും ഒരിക്കലും അത്തരത്തില്‍ ഭീഷണി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.


Don”t Miss: മധ്യപൂര്‍വ്വ ദേശത്തെ മാതൃകാരാജ്യം യു.എ.ഇയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്


എന്നാല്‍, സഹോദരിയുടെ ഹോസ്റ്റല്‍ പ്രശ്‌നം മന്ത്രാലയത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നും തന്റെ സഹോദരി ഉള്‍പ്പെടെ അവസാന വര്‍ഷ വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര മന്ത്രിയോട് ഇമെയില്‍ വഴി പരാതി നല്‍കിയത്. അതിന് അവര്‍ പരിഹാരം കാണുകയും ചെയ്തുവെന്നും നബീല്‍ പറഞ്ഞു.

ഭീകരരുടെ ഭീഷണിയുണ്ടെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ വാദം തെറ്റാണ്. എവിടെ നിന്നാണ് ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ വരുന്നതെന്ന് അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് കള്ളം പറയേണ്ട കാര്യമില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും പറയുന്നു.

We use cookies to give you the best possible experience. Learn more