| Thursday, 21st January 2021, 5:14 pm

'വോട്ടുപിടിക്കാന്‍ ബി.ജെ.പി ബി.എസ്.എഫിനെ ഉപയോഗിക്കുന്നു'; ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുപിടിക്കാന്‍ ശ്രമമെന്ന് തൃണമൂല്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.എസ്.എഫ് സൈനികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

ബംഗാളില്‍ ബി.ജെ.പി വര്‍ഗീയത പടര്‍ത്തുകയാണ്. എന്നാല്‍ ബംഗാളില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വര്‍ഗീയ പാര്‍ട്ടിക്കുമാകില്ലെന്ന് ഫിര്‍ഹാദ് പറഞ്ഞു.

ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും മന്ത്രി പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താനെത്തിയ കമ്മീഷന് മുമ്പാകെ ഈ പരാതി ഉന്നയിച്ചതായി ടി.എം.സി നേതൃത്വം അറിയിച്ചു.

അതിര്‍ത്തികളിലെ ഗ്രാമങ്ങളിലേക്ക് ബി.ജെ.പി നേതൃത്വം ബി.എസ്.എഫ് സെനികരെ അയയ്ക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കാന്‍ അവര്‍ സേനയെ ഉപയോഗിക്കുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പരാതി വിശദമായി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു, ഹക്കീം പറഞ്ഞു.

സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ ശക്തമായ പ്രചാരണ പരിപാടിയുമായി ബി.ജെ.പി രംഗത്തുണ്ട്. അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നേതൃത്വം കാഴ്ചവെയ്ക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി തൃണമൂല്‍ കോണ്‍ഗ്രസിന് തലവേദയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു എം.എല്‍.എ കൂടി ബി.ജെ.പിയിലേക്ക് പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trinamool Minister Slams BJP

We use cookies to give you the best possible experience. Learn more