ശ്രീനഗര്‍: ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകാത്തവരെ ബി.എസ്.എഫ് ജവാന്‍മാര്‍ കൈയ്യേറ്റം ചെയ്തതായി പരാതി. ജമ്മുവിലെ പൂഞ്ച് നിവാസികളാണ് പ്രതിഷേധവുമായി എത്തിയത്.
ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ ആളെ ബി.എസ്.എഫ് ജവാന്‍ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന സൈനികര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇവരെ പോളിങ് ബൂത്തില്‍ നിന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോളിങ് ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോ പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഷെയര്‍ ചെയ്തിട്ടുമുണ്ട്.
നേരത്ത നാഷണല്‍ കോണ്‍ഫറന്‍സും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പോളിങ് ബൂത്തിലെത്തുന്നവരെ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ചിലര്‍ നിര്‍ബന്ധിക്കുകയാണെന്നും അതിന് തയ്യാറാകാത്തവരെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞെന്നുമായിരുന്നു പരാതി. സൈനിക വേഷത്തിലില്ലാത്ത ചിലരും ബൂത്തിലുണ്ടെന്നും ഇവരെ മാറ്റണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം പോളിങ് ബൂത്തില്‍ എത്തുകയും ചിലരെ അവിടെ നിന്നും മാറ്റുകയും ചെയ്തിരുന്നു.
നേരത്തെ പൂഞ്ച് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടി എന്‍.സി നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.
പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്നുമായിരുന്നു ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയതത്.
പോളിങ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയവരാണ് ആദ്യം ഇതുസംബന്ധിച്ച് സംശയമുയര്‍ത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് രേഖപ്പെടുത്തിയതായി തങ്ങള്‍ക്ക് തോന്നുന്നില്ലെന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയവര്‍ പറഞ്ഞു.
ലേണിങ് ഓഫീസര്‍ പതിനഞ്ച് മിനുട്ടിനകം എത്തുമെന്നും പരാതി പരിഹരിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. ഇത്രയം സമയത്തിനുള്ളില്‍ വോട്ട് രേഖപ്പടുത്തിയവരുടെ എല്ലാം വോട്ട് സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ആയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ നിരവധി പേര്‍ ഇതേ പരാതിയുമായി രംഗത്തെത്തിയിരുന്നു.