|

സിദ്ധരാമയ്യയുടെ മകനെതിരെ മത്സരിക്കാന്‍ യെദ്യൂരപ്പയുടെ മകന് സീറ്റില്ല; ബി.ജെ.പിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിലെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ഏഴ് സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക പുറത്തുവന്നതോടെ വരുണ മണ്ഡലത്തില്‍ പ്രതീക്ഷിച്ച കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കാനിടയില്ലെന്ന് വ്യക്തമായിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയും വരുണയിലാണ് മത്സരിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന മകന്‍ ഡോ. യതീന്ദ്ര സിദ്ധരാമയ്യയാണ് സിദ്ധരാമയ്യക്ക് വിജയം ഉറപ്പുള്ള മണ്ഡലമായ വരുണയില്‍ ഇത്തവണ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നത്. ഈ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയാണ് വരുണയില്‍ ബി.ജെ.പിസ്ഥാനാര്‍ഥിയെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.


Also Read: സ്ത്രീകള്‍ക്കെതിരെ വര്‍ധിക്കുന്ന അതിക്രമങ്ങള്‍; സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സ്ത്രീ നിരാഹാരസമരം


എന്നാല്‍, ബി.ജെ.പിയുടെ നാലാമത്തെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ തന്റെ മകന്‍ മത്സരിക്കുന്നില്ലെന്ന് യെദ്യൂരപ്പ അറിയിച്ചിട്ടുണ്ട്. “ഞാന്‍ അസന്തുഷ്ടനല്ല, എന്റെ മകന്‍ വരുണയില്‍ മത്സരിക്കുന്നില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു”, യെദ്യൂരപ്പ പറഞ്ഞു. കേന്ദ്ര പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ മണ്ഡലങ്ങളില്‍ വിജയേന്ദ്ര പ്രചാരണത്തിനിറങ്ങുമെന്നും യെദ്യൂരപ്പ പറഞ്ഞു. വരുണയില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ വച്ച് മത്സരിച്ചാലും ബി.ജെ.പി തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

224 അംഗ നിയമസഭയിലേക്കുള്ള 220 സ്ഥാനാര്‍ഥികളേയാണ് നാല് പട്ടികകളിലായി ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.


Watch DoolNews Video: