ബെംഗളൂരൂ: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ബി.ജെ.പി. ഘടകത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗാണ് ഈ പരാമര്‍ശം നടത്തിയത്.
‘ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കും. ഇതൊരു വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റുകയുള്ളു. രണ്ടോ മൂന്നോ പേര്‍ പാര്‍ട്ടിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും,’ അരുണ്‍ സിംഗ് പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്നപ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നും അരുണ്‍ സിംഗ് പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യം ബി.ജെ.പിയില്‍ നിന്നുയരുന്നുണ്ടെന്ന് കര്‍ണ്ണാടക മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ യെദിയൂരപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ മന്ത്രി കൂടിയാണ് കെ.എസ്. ഈശ്വരപ്പ. തന്റെ വകുപ്പില്‍ മുഖ്യമന്ത്രി അനാവശ്യമായ കൈകടത്തലുകള്‍ നടത്തുന്നുവെന്ന് ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.
നേരത്തെ മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.