ആവശ്യമെങ്കില്‍ അറസ്റ്റുണ്ടാകും; യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി
national news
ആവശ്യമെങ്കില്‍ അറസ്റ്റുണ്ടാകും; യെദ്യൂരപ്പക്കെതിരായ പോക്‌സോ കേസില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 3:31 pm

ബെംഗളൂരു: ആവശ്യമെങ്കില്‍ പോക്‌സോ കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. കേസില്‍ അടുത്ത നടപടി സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 2ന് ബെംഗളൂരു സഞ്ജയ് നഗറിലെ വസതിയില്‍ മാതാവിനോടൊപ്പം പീഡന പരാതി അറിയിക്കാനെത്തിയ പെണ്‍കുട്ടിയെ യെദ്യൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മാര്‍ച്ച് 14ന് സദാശിവ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അര്‍ബുദബാധയില്‍ ചികിത്സയിലിരിക്കെ മെയ് 26ന് പരാതിക്കാരി മരിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നായിരുന്നു കേസില്‍ യെദ്യൂരപ്പ പറഞ്ഞത്.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ കര്‍ണാടക ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ഐ.ഡി യെദ്യൂരപ്പക്ക് സമന്‍സ് അയച്ചിരുന്നു.

അഭിഭാഷകന്‍ മുഖേന അന്വേഷണ സംഘത്തോട്, ഹാജരാകാന്‍ ഒരാഴ്ച സമയം യെദ്യൂരപ്പ ആവശ്യപെട്ടിട്ടുണ്ട്. കേസില്‍ നാലാം തവണയാണ് നോട്ടീസ് നല്‍കുന്നത്. മൂന്ന് തവണ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. നിരവധി തവണ കര്‍ണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചയാളാണ് യെദ്യൂരപ്പ.

Content Highlight: BS Yediyurappa will be arrested in Pocso case if needed: Karnataka Minister