| Wednesday, 21st August 2019, 10:24 am

'ഇനിയെന്തിന് യദിയൂരപ്പ!!' മന്ത്രിസഭാ രൂപീകരണത്തിലെ അമിത് ഷായുടെ ഇടപെടല്‍ കര്‍ണാടകയില്‍ യദിയൂരപ്പയെ ഒതുക്കാനുള്ള നീക്കമോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടക മന്ത്രിസഭയെ തീരുമാനിച്ചതിലൂടെ ബി.ജെ.പി ദേശീയ നേതൃത്വവും അമിത് ഷായും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയെ ഒതുക്കിയതാണെന്ന് വിലയിരുത്തല്‍. ‘ബി.എസ്.വൈ എന്നറിയപ്പെടുന്ന യദിയൂരപ്പ ബി.ജെ.പിയെ സംബന്ധിച്ച് ‘ BS Why’ എന്നായി മാറുകയാണെന്നാണ് മന്ത്രിസഭാ രൂപീകരണത്തിനു പിന്നാലെ ഉയരുന്ന വിമര്‍ശനം.

യദിയൂരപ്പ ബി.ജെ.പിയിലെ വിരമിക്കല്‍ പ്രായമായ 75 കടന്നു എന്നത് മാത്രമല്ല, മറിച്ച് കര്‍ണാടകയില്‍ പരമാധികാരിയെന്ന നിലയില്‍ യദിയൂരപ്പ വളര്‍ന്നുവരുന്നത് തടയുന്നതിന്റെ ഭാഗം കൂടിയാണിത്.

ഒരുമാസത്തോളം വൈകിയശേഷമാണ് ബി.ജെ.പിയും അമിത് ഷായും കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ യദിയൂരപ്പയെ അനുവദിച്ചത്. അതില്‍ തീരുമാനമെടുത്തതാകട്ടെ അമിത് ഷായും. 34 മന്ത്രിമാരെവരെ ഉള്‍പ്പെടുത്താമെന്നിരിക്കെ 17 പേരുടെ ലിസ്റ്റാണ് അമിത് ഷാ നല്‍കിയിരിക്കുന്നത്.

കര്‍ണാടകയിലെ തീരുമാനങ്ങള്‍ യദിയൂരപ്പയല്ല, അമിത് ഷാ തന്നെയാണ് എടുക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നേതൃത്വം നല്‍കിയത്. യദിയൂരപ്പയുടെ അടുപ്പക്കാരില്‍ മിക്കയാളുകളും മന്ത്രിസഭയില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനെതിരെ കര്‍ണാടകയില്‍ ഇതിനകം തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്നെ ഇത് വ്യക്തമായിരുന്നു. മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യവേ യദിയൂരപ്പയുടെ മുഖത്തും അതൃപ്തി പ്രകടമായിരുന്നു. രാജ് ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിസ്ഥാനം മോഹിച്ച 12 ഓളം പേര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

അവസരം നല്‍കാത്തതിലുള്ള അതൃപ്തി ചിലര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ചിത്രദുര്‍ഗയില്‍ നിന്നുള്ള മുതിര്‍ന്ന എം.എല്‍.എയായ ജി.എച്ച് തിപ്പരാഡിയാണ് ആദ്യ വെടിപൊട്ടിച്ചത്. തന്റെ സീനിയോറിറ്റിയെങ്കിലും പരിഗണിക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സമാന ചിന്താഗതിക്കാരായ എം.എല്‍.എമാര്‍ ഉടന്‍ ബംഗളുരുവില്‍ യോഗം ചേരുമെന്നും അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിലും യദിയൂരപ്പയ്ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികള്‍ ചിത്രദുര്‍ഗയില്‍ വാഹനങ്ങളുടെ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി പ്രത്യയശാസ്ത്രത്തിലും തത്വത്തിലും തനിക്കുള്ള വിശ്വാസത്തെയെങ്കിലും നേതൃത്വം പരിഗണിക്കേണ്ടിയിരുന്നുവെന്നാണ് ആറ് തവണ എം.എല്‍.എയായ ദളിത് നേതാവ് അംഗാറ മാധ്യമങ്ങളോട് പറഞ്ഞത്. എന്നിരുന്നാലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വം തന്റെ ജില്ലയെ അവഗണിച്ചുവെന്നാണ് മറ്റൊരു എം.എല്‍.എയായ ഗൂളിഹാട്ടി ശേഖര്‍ പറഞ്ഞത്. തന്നെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താത്തതിന് മറ്റൊരു എം.എല്‍.എയായ രാമപ്പ ലമണിയും യദിയൂരപ്പയെ വിമര്‍ശിച്ചു.

We use cookies to give you the best possible experience. Learn more