| Friday, 26th July 2019, 11:28 am

കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേയ്ക്ക്; വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഇന്ന് ബി.ജെ.പി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബി.ജെ.പി സര്‍ക്കാര്‍ വൈകിട്ട് ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യദ്യൂരപ്പ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ യദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ യദ്യൂരപ്പ തീരുമാനിക്കുന്നത്.

കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി വക്താവ് ജി. മധുസൂധന്‍ പറഞ്ഞിരുന്നു.

‘വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ല. അതുകൊണ്ട് സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യും.’- മധുസുധന്‍ പറഞ്ഞിരുന്നു.

അതേസമയം, മൂന്ന് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കര്‍ക്കു ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അയോഗ്യരാക്കിയത്.

രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more