Advertisement
Football
'അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കളിക്കാനായി എന്നതാണ് വലിയ കാര്യം'; ഇതിഹാസത്തെ പ്രശംസിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 15, 11:05 am
Sunday, 15th October 2023, 4:35 pm

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്. കഴിഞ്ഞ ദിവസം യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌ലോവാക്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചിരുന്നു.

ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. മത്സരത്തിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ബ്രൂണോ രംഗത്തെത്തിയത്. ക്രിസ്റ്റ്യാനോയുടെ കാലഘട്ടത്തില്‍ കളിക്കാനായതില്‍ താന്‍ ഭാഗ്യവാനാണെന്നും പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് അദ്ദേഹം കളത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നും ബ്രൂണോ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് എല്‍ എക്വിപ്പാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ക്രിസ്റ്റ്യാനോയുടെ പവറിനെയും ഇംപാക്ടിനെയും കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്ക് അദ്ദേഹം നിരവധി അവസരങ്ങള്‍ ഉണ്ടാക്കി തന്നിട്ടുണ്ട്. പോര്‍ച്ചുഗലിന് അദ്ദേഹത്തോട് എല്ലാ വിധ ബഹുമാനവുമുണ്ട്. ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ ടീമിലുണ്ടാക്കിയ നേട്ടങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ ടീമിനെ ഭയത്തോട് കൂടിയാണ് എതിരാളികള്‍ വിക്ഷിക്കുന്നത്.

അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ കളിക്കാനായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഞങ്ങള്‍ക്ക് അദ്ദേഹം കളിക്കുന്നത് കാണാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള യോഗവുമുണ്ടായി,’ ഫെര്‍ണാണ്ടസ് പറഞ്ഞു.

അതേസമയം, സ്‌ലോവാക്യക്കെതിരെ നേടിയ ഇരട്ടഗോളുകള്‍ 30 വയസിന് ശേഷം റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടുന്ന 72ാം ഗോളായി മാറി. യൂറോ 2024 യോഗ്യതാ മത്സരങ്ങളില്‍ ആറ് കളികളില്‍ നിന്നും ഏഴ് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

ഇതോടെ പോര്‍ച്ചുഗലിനായി 202 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 125 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്. പോര്‍ച്ചുഗലിനായി 150 മത്സരങ്ങളില്‍ നിന്നും റൊണാള്‍ഡോ 105 തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റൊരു താരവും ഇത്രയും വേഗത്തില്‍ ഗോളുകള്‍ നേടിയിട്ടില്ല.

ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ യൂറോ കപ്പിലേക്ക് പോര്‍ച്ചുഗല്‍ യോഗ്യത നേടി. റൊണാള്‍ഡോ തന്റെ ആറാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ സജ്ജമായിരിക്കുകയാണ്. മറ്റൊരു താരവും നാലില്‍ കൂടുതല്‍ തവണ യൂറോ കപ്പില്‍ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: Bruno Fernandez praises Cristiano Ronaldo