| Wednesday, 12th April 2023, 5:49 pm

പെലെയാണ് മികച്ച താരമെന്ന് പറയാനാകില്ല, എനിക്ക് ബെസ്‌റ്റെന്ന് തോന്നിയത് അദ്ദേഹമാണ്: ബ്രൂണോ ഫെര്‍ണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തന്റെ ഇഷ്ട താരത്തെ തെരഞ്ഞെടുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ്. ഓരോരുത്തര്‍ക്കും തന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്ന താരത്തെയാകും ഇഷ്ടമാവുകയെന്നും താന്‍ പോര്‍ച്ചുഗീസുകാരനായത് കൊണ്ട് ക്രസ്റ്റ്യാനോയെയാണ് കൂടുതല്‍ ഇഷ്ടമെന്നും ബ്രൂണോ പറഞ്ഞു.

‘നിങ്ങള്‍ക്ക് റൊണാള്‍ഡോയെക്കാള്‍ മെസിയെയാകും കൂടുതല്‍ ഇഷ്ടം. അല്ലെങ്കില്‍ പെലെയെയോ മറ്റേതെങ്കിലും താരത്തെയോ ആകും. എന്നാല്‍ എനിക്ക് പെലെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയാനാകില്ല. കാരണം അദ്ദേഹം കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രകടനം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേടാതാണ്. മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണ്. അവര്‍ മികച്ച കളിക്കാരല്ലെന്ന് നിങ്ങള്‍ക്കൊരിക്കലും പറയാനാകില്ല. ഇറ്റാലിയന്‍ ജനങ്ങള്‍ക്ക് ചിലപ്പോള്‍ പിര്‍ലോയെ ആയിരിക്കും ഇഷ്ടമാവുക, ഇംഗ്ലണ്ടിലെ ആളുകള്‍ക്ക് ബെക്കാമിനെയും. ഞാനൊരു പോര്‍ച്ചുഗീസുകാരനായത് കൊണ്ട് എനിക്ക് റോണോയെയാണ് ഇഷ്ടം,’ ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്‌ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.

കഴിവിന്റെ കാര്യത്തില്‍ ഇരുവരെയും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ടൈറ്റില്‍, ബാലണ്‍ ഡി ഓര്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ നൈസിനെതിരെ നടന്ന മത്സരത്തില്‍ മെസി ഗോള്‍ സ്‌കോര്‍ ചെയ്തതോടെ താരം യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി നേടുന്ന മൊത്തം ഗോളുകളുടെ എണ്ണം 702 തികഞ്ഞു.

നൈസിനെതിരെ പി.എസ്.ജി നേടിയ രണ്ട് ഗോളുകളില്‍ ഒന്ന് മെസിയുടെ സംഭാവനയായിരുന്നു. യൂറോപ്പിലെ ബിഗ് ഫൈവ് ലീഗ് ക്ലബ്ബുകള്‍ക്കായി 701 ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയെക്കാള്‍ 105 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടാണ് മെസി ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ബാഴ്സലോണക്കായി 778 മത്സരങ്ങള്‍ കളിച്ച മെസി 672 ഗോളുകളാണ് ക്ലബ്ബിനായി സ്വന്തമാക്കിയിട്ടുള്ളത്. പി.എസ്.ജിയില്‍ 68 മത്സരങ്ങളില്‍ നിന്നും 30 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

ഈ സീസണില്‍ പാരിസ് ക്ലബ്ബിനായി 34 മത്സരങ്ങള്‍ കളിച്ച മെസി 19 ഗോളുകളും 17 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. റൊണാള്‍ഡോ തന്റെ ക്ലബ്ബായ അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി.

Content Highlights: Bruno Fernandez picks his favorite player in Messi-Ronaldo fan debate

We use cookies to give you the best possible experience. Learn more