കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. ലിവര്‍പൂളിനെതിരെയായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളായിരുന്നു യുണൈറ്റഡ് അടിച്ചത്.
ഒരുപാട് പ്രശ്‌നങ്ങള്‍ അലട്ടുന്ന ടീമിനെ തിരിച്ചുകൊണ്ടുവരുമെന്ന് പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് യുണൈറ്റഡ് ആരാധകര്‍ക്ക് വാക്ക് കൊടുത്തിരുന്നു. കുറച്ചു മികച്ച സൈനിങ്ങും അദ്ദേഹത്തിന് ടീമിനായി നടത്താന്‍ സാധിച്ചു. എന്നാല്‍ മത്സരം ജയിക്കുന്നതില്‍ യുണൈറ്റഡ് പുറകിലായിരുന്നു.
ആദ്യ രണ്ട് മത്സരത്തിലും സമനില വഴങ്ങിയതിന് ശേഷം മൂന്നാം മത്സരത്തില്‍ ജയം പ്രതീക്ഷിച്ചായിരുന്നു ലിവര്‍പൂള്‍ ഇറങ്ങിയത്. എന്നാല്‍ ആവേശത്തോടെയും വാശിയോടെയും കളിച്ച് ചെകുത്താന്‍മാരുടെ മുമ്പില്‍ ക്ലോപ്പ് പട അടിയറവ് പറയുകയായിരുന്നു.
യുണൈറ്റഡിനായി ആദ്യം വല കുലുക്കിയത് സാഞ്ചോയായിരുന്നു. 16ാം മിനിട്ടിലായിരുന്നു സാഞ്ചോയുടെ ഗോള്‍. 53ാം മിനിട്ടില്‍ മാര്‍ക്കോസ് റാഷ്‌ഫോര്‍ഡും യുണൈറ്റഡിനായി വല കുലുക്കി. 81ാം മിനിട്ടില്‍ മുഹമ്മദ് സലായാണ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടിയത്.
സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ടീമില്‍ നിന്നും പോകാനായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ പ്ലാന്‍. എന്നാല്‍ മറ്റു ടീമുകളൊന്നും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ യുണൈറ്റഡില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് റോണോ മുഴുവന്‍ സമയവും കളിച്ചത്. ആ മത്സരത്തിലായിരുന്നു യുണൈറ്റഡ് ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്.
ലിവര്‍പൂളിനെതിരെ വിജയിച്ച മത്സരത്തില്‍ റോണോ ആകെ കളിച്ചത് പത്ത് മിനിറ്റായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ടീമിലെ ഭാവി വീണ്ടും ചോദ്യ ചിഹ്നമാകുകയാണ്. അദ്ദേഹം ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാനം ടീമില്‍ നിന്നും പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ടീമിലെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗലിലും യുണൈറ്റഡിലും അദ്ദേഹത്തിന്റെ ടീം മേറ്റായ ബ്രൂണോ ഫെര്‍ണാണ്ടസ്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹം ടീമിനായി പുറത്തെടുത്തത്.
ഒരുപാട് അഭ്യൂഹങ്ങള്‍ റൊണാള്‍ഡൊയുടെ പേരില്‍ ഇറങ്ങുന്നുണ്ടെന്നും എന്നാല്‍ അതിന് ഏറ്റവും അനുയോജ്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് ബ്രൂണോ പറഞ്ഞത്. തനിക്ക് ഒന്നു രണ്ട് കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപാട് ഊഹാപോഹങ്ങള്‍ റൊണാള്‍ഡൊയുടെ കാര്യത്തിലുണ്ട്. പക്ഷേ ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ച മറ്റാരുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് ഒന്നോ രണ്ടോ കാര്യങ്ങള്‍ അറിയാം എന്നാല്‍ ഞാന്‍ അത് പറയില്ല,’ ബ്രൂണോ പറഞ്ഞു.
ഇപ്പോള്‍ റോണോയൊരു യുണൈറ്റഡ് താരമാണെന്നും ഭാവിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബ്രൂണോ പറയുന്നു.
‘ഇപ്പോള്‍ റോണോ ഒരു യുണൈറ്റഡ് കളിക്കാരനാണ്. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് എനിക്കറിയില്ല. അദ്ദേഹം ചിലപ്പോള്‍ പോകും അല്ലെങ്കില്‍ പോകില്ല. അദ്ദേഹം പറയുന്നത് പോലെ. റോണോ തന്നെ യുണൈറ്റഡിലെ ഭാവിയെ കുറിച്ച് ഉടന്‍ നിങ്ങളോട് സംസാരിക്കും.
അദ്ദേഹത്തിന് ഉയര്‍ന്ന തലത്തില്‍ തുടരാനും നമുക്ക് ധാരാളം ഗോളുകള്‍ നേടിത്തരാനും കഴിയും, പക്ഷേ അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. അവന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ബഹുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Bruno Fernandes talks about Ronaldo’s future at Manchester United