കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചുവരാനുള്ള പുറപ്പാടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സൈനിങ്ങൊന്നും ടീം ഇതുവരെ നടത്തിയിട്ടില്ല.
പക്ഷെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ നല്ല ദിനങ്ങളിലേക്ക് തിരിച്ചുവരുമെന്നാണ് പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് വിശ്വസിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൂണോ മനസ് തുറന്നത്. അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തെത്താന്‍ മാത്രമേ യുണൈറ്റഡിന് കഴിഞ്ഞിരുന്നുള്ളു.
കഴിഞ്ഞ കൊല്ലത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഉള്‍പ്പെടെ സ്വന്തമാക്കി ടീം ശക്തമാക്കിയ ചുവന്ന ചെകുത്താന്മാര്‍ക്ക് പക്ഷെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. 1990ന് ശേഷം യുണൈറ്റഡിന്റെ ഏറ്റവും മോശം സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ സീസണിലേത്.
കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന്റെ പ്രകടനം മോശമായിരുന്നിട്ടും ക്ലബിന്റെ മധ്യനിരയിലെ പ്രധാനിയായ ബ്രൂണോ ഏപ്രിലില്‍ പുതുതായി ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. 20 തവണ ഇംഗ്ലണ്ടിലെ ചാമ്പ്യന്‍മാരായ യുണൈറ്റഡിന് നല്ലയൊരു ഭാവി മുന്നിലുണ്ടെന്ന് കണ്ടാണ് പുതിയ കരാര്‍ ഒപ്പുവെച്ചതെന്ന് ബ്രൂണോ വ്യക്തമാക്കി.
‘ക്ലബ്ബ് അര്‍ഹിക്കുന്ന സ്ഥാനത്ത് തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഞാന്‍ പുതിയ കരാര്‍ ഒപ്പുവെച്ചത്. എന്നെ സംബന്ധിച്ചടിത്തോളം, ഞാന്‍ ക്ലബുമായി ദീര്‍ഘകാല ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരാറിനെ കുറിച്ചല്ല, മറിച്ച് ക്ലബിന്റെ ഭാവിയെ കുറിച്ച്,’ ബ്രൂണോ വ്യക്തമാക്കി.
‘ക്ലബ്ബ് വിജയിക്കാന്‍ ആഗ്രഹിക്കുന്നു, ക്ലബ്ബ് എന്തെങ്കിലും നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ എന്നോട് പറഞ്ഞതില്‍ നിന്ന്, ക്ലബ്ബ് അതിന്റെ നിലവാരത്തിലേക്ക് മടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ക്ലബ്ബ് തിരിച്ചത്തും, ഒരുപക്ഷേ അടുത്ത സീസണിലായിരിക്കില്ല. പക്ഷേ പടിപടിയായി, ക്ലബ്ബ് മികച്ച ദിവസങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് ഞാന്‍ കരുതുന്നു,’ താരം കൂട്ടിച്ചേര്‍ത്തു.
പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിങ്ങില്‍ നിന്നായിരുന്നു ബ്രൂണോ യുണൈറ്റഡിന്റെ മധ്യനിരയിലെത്തിയത്. യുണൈറ്റഡിലെത്തിയ ആദ്യ സീസണില്‍ തന്നെ യുണൈറ്റഡിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ബ്രൂണോക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അവസാന സീസണില്‍ താരത്തിന് അത്ര മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Content Highlight: Bruno Fernandes Says Manchester United will be back