കഴിഞ്ഞ കുറച്ചുനാളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കൂടുമാറ്റം. റൊണാള്‍ഡൊ ടീം വിടുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെ ആവശ്യമുള്ള ടീമൊന്നും നിലവില്‍ മുന്നോട്ട് വന്നിട്ടില്ല.
താരമിപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ തുടരാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ടീമുകള്‍ക്കൊന്നും അദ്ദേഹത്തിന് മേല്‍ നിലവില്‍ നോട്ടമില്ല.
താരം ടീമില്‍ തുടരുമോ എന്ന് തനിക്കൊരു ഉറപ്പുമില്ല എന്നാണ് യുണൈറ്റഡിലെയും പോര്‍ച്ചുഗലിലെയും റോണോയുടെ ടീംമേറ്റായ ബ്രൂണോ ഫെര്‍ണാണ്ടസ് പറയുന്നത്. അദ്ദേഹത്തിന് കുടുംബ പരമായി പ്രശ്‌നമുണ്ടെന്നാണ് ബ്രൂണോയും പറയുന്നത്. നേരത്തെ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗും ഇക്കാര്യം പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ തീരുമാനമെന്തായാലും എല്ലാവരും ബഹുമാനിക്കണമെന്നും ബ്രൂണോ പറഞ്ഞു. അദ്ദേഹത്തിനാവശ്യമായ സ്‌പേസ് നല്‍കണമെന്നും അദ്ദേഹം പറയുന്നു.
‘എല്ലാവരുടെയും തീരുമാനത്തെ നാം ബഹുമാനിക്കണം. റൊണാള്‍ഡോ ക്ലബിനോടും മാനേജറോടും എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല, പക്ഷെ അദ്ദേഹത്തെ ബഹുമാനിക്കണം,’ ബ്രൂണോ വ്യക്തമാക്കി.
‘അദ്ദേഹത്തിന് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് അദ്ദേഹത്തിന് മതിയായ സ്പേസ് നല്‍കണം. ആ സ്പേസിനെ നമ്മള്‍ ബഹുമാനിക്കുകയും വേണം. അത്രമാത്രം’ ബ്രൂണോ പറഞ്ഞു.
ക്ലബ്ബാണ് തീരുമാനമെടുക്കുന്നതെന്നും അക്കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോണായാണ് അയാളുടെ കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അവസാന സീസണില്‍ റോണോയായിരുന്നു ഞങ്ങളുടെ ടോപ് സ്‌കോറര്‍. അദ്ദേഹം ഞങ്ങള്‍ക്കായി ഗോളുകള്‍ നേടി. ക്ലബ്ബാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഇക്കാര്യം എന്റെ പക്കലല്ല. റോണോയാണ് സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാം വാര്‍ത്തയാണ്. അതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല, കുടംബത്തിന്റെ കാര്യങ്ങള്‍ എല്ലാം ശരിയായോ എന്നാണ് ഞാന്‍ അദ്ദേഹം വരാതിരുന്നപ്പോള്‍ ചോദിച്ച ഒരേ ഒരു കാര്യം. അപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നാണ് എന്നോട് പറഞ്ഞത്. അതാണ്. ഇതില്‍ കൂടുതലൊന്നും ഇല്ല,’ റൊണാള്‍ഡോയെ കുറിച്ച് ബ്രൂണോ വ്യക്തമാക്കി.
റോണോ കൂടി ഉള്‍പ്പെടുന്നതാണ് അടുത്ത സീസണിലെ തന്റെ പദ്ധതിയെന്നും അതിനാല്‍ താരത്തെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേരത്തെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹഗ് വ്യക്തമാക്കിയിരുന്നു.
Content Highlights: Bruno Fernandes says he doesn’t know about what’s going with Ronaldo