ലോകകപ്പിലെ തോൽവിക്ക് ശേഷം പോർച്ചുഗീസ് ദേശീയ ടീമിലേക്ക് പുതിയ പരിശീലകൻ എത്തിയിരിക്കുകയാണ്.
റോബർട്ടോ മാർട്ടീനെസാണ് പോർച്ചുഗീസ് ടീമിന്റെ പുതിയ പരിശീലകനായി സ്ഥാനമേറ്റിരിക്കുന്നത്.
അദ്ദേഹത്തിന് കീഴിൽ 2024 യൂറോകപ്പ് ക്വാളിഫയേഴ്സിനായി കളിച്ച രണ്ട് മത്സരങ്ങളും വലിയ മാർജിനിൽ തന്നെ വിജയിക്കാൻ പോർച്ചുഗലിനായിരുന്നു.
കൂടാതെ രണ്ട് യോഗ്യതാ മത്സരങ്ങളിൽ നിന്നും നാല് ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി സ്കോർ ചെയ്തിരിക്കുന്നത്.
പുതിയ പരിശീലകന് കീഴിൽ മികവോടെ കളിക്കുന്ന റൊണാൾഡോ മാർട്ടീനെസിനെ ക്കുറിച്ചുള്ള തന്റെ അഭിപ്രായം നേരത്തെ തുറന്ന് പറഞ്ഞിരുന്നു.
ദേശീയ ടീമിലിപ്പോഴാണ് കുറച്ച് ശുദ്ധവായു ശ്വസിക്കാൻ അവസരം ലഭിച്ചത് എന്നാണ് റോബർട്ടോ മാർട്ടീനെസിനെക്കുറിച്ച് റൊണാൾഡോ തുറന്ന് പറഞ്ഞത്.
എന്നാൽ റൊണാൾഡോയുടെ ഈ പരാമർശത്തെ എതിർത്താണ് നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് നായകനും പോർച്ചുഗീസ് ടീമിലെ പ്രധാന താരങ്ങളിലൊരാളുമായ ബ്രൂണോ ഫെർണാണ്ടസ് രംഗത്ത് വന്നിരിക്കുന്നത്.
“ടീമിൽ പുതിയ പരിശീലകൻ പുതിയ ആശയങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. ഇത് ശുദ്ധ വായു ശ്വസിച്ച് ആശ്വാസം കണ്ടെത്താനുള്ള സമയമൊന്നും എത്തിയിട്ടില്ല. ഇത് ഒരു ട്രാൻസിഷൻ പീരീഡ് മാത്രമാണ്,’ ആർ.ടി.പി3 ക്ക് നൽകിയ അഭിമുഖത്തിൽ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.
“ദേശീയ ടീമിലെ സാഹചര്യം എപ്പോഴും മികച്ചതാണ്. ടീമിൽ ശുദ്ധവായു ലഭിക്കാത്ത തരത്തിലുള്ള ഒരു സംഘർഷാവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
അത് കൊണ്ട് തന്നെ പുതിയ പരിശീലകനോടൊപ്പം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,’ ബ്രൂണോ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.
അതേസമയം യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് ജെ യിൽ ഒന്നാം സ്ഥാനത്താണ് പോർച്ചുഗൽ.