| Thursday, 28th December 2023, 11:21 am

നൂറിന്റെ തിളക്കവുമായി പോർച്ചുഗീസുകാരൻ; ഇവന് മുന്നില്‍ ഇനി ഓസില്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ്. 2023 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ 100+ ഗോള്‍ ചാന്‍സുകള്‍ സൃഷ്ടിച്ച രണ്ടാമത്തെ താരമെന്ന റെക്കോഡ് നേട്ടമാണ് ബ്രൂണോ ഫെര്‍ണാണ്ടസ് സ്വന്തം പേരില്‍കുറിച്ചത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ജര്‍മനിയുടെ മുന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട് ഓസില്‍ ആയിരുന്നു. 2015 സീസണില്‍ ആഴ്‌സണലിന് വേണ്ടി കളിച്ച ഓസില്‍ 104 ഗോള്‍ അവസരങ്ങളാണ് സൃഷ്ടിച്ചത്. എട്ട് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു താരം ഈ നേട്ടത്തില്‍ എത്തിയത് ഏറെ ശ്രദ്ധേയമായി.

ഇതിനു പുറമേ മറ്റൊരു റെക്കോര്‍ഡും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തമാക്കി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമെന്ന നേട്ടവും ബ്രൂണോ സ്വന്തമാക്കി.

ഈ സീസണില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യൻ സൂപ്പര്‍താരം മുഹമ്മദ് സലാ 71 ഗോള്‍ അവസരങ്ങളും ഡെജാന്‍ കുലുസെവ്‌സ്‌കി 67 ഗോള്‍ അവസരങ്ങളുമായി ബ്രൂണൊക്ക് പിന്നിലുണ്ട്.

കഴിഞ്ഞദിവസം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി ടീമിന്റെ വിജയത്തില്‍ ബ്രൂണോ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിരുന്നു. അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോക്ക് ഗോളടിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു ബ്രൂണോ. ഇതിനു പിന്നാലെയാണ് താരം 100 ഗോള്‍ അവസരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്താളുകളില്‍ ഇടം പിടിച്ചത്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ജോണ്‍ മക്ലീന്‍, ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍ക്കര്‍ എന്നിവരിലൂടെ ആദ്യ പകുതിയില്‍ ആസ്റ്റണ്‍ വില്ല മുന്നിട്ടു നിന്നു.

എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 51, 71 മിനിട്ടുകളില്‍ അലജാന്‍ഡ്രോ ഗാര്‍നാച്ചോയിലൂടെ റെഡ് ഡെവിള്‍സ് സമനില പിടിച്ചു. മത്സരത്തിന്റെ 82ാം മിനിട്ടില്‍ റാസ്മസ് ഹോജ്ലണ്ടിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 31 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

ഡിസംബര്‍ 30ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരം. നോട്ടിങ്ഹാമിന്റെ ഹോം ഗ്രൗണ്ട് സിറ്റി ഗ്രൗണ്ടാണ് വേദി.

Content Highlight: Bruno Fernandes create 100 goal chance in English primier league 2023.

We use cookies to give you the best possible experience. Learn more