| Tuesday, 22nd December 2015, 11:59 pm

ബ്രൂണെയില്‍ ക്രിസ്മസിന് നിരോധനം; അനുവാദമില്ലാതെ ക്രിസ്മസ് ആഘോഷിച്ചാല്‍ അഞ്ച് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബണ്ടാര്‍ സെരി ബെഗാവന്‍: ബ്രൂണെയില്‍ പരസ്യമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്. സര്‍ക്കാരിന്റെ അനുമതി തേടാതെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ 5 വര്‍ഷത്തെ തടവുശിക്ഷയും ലഭിക്കും. ബ്രൂണെ സുല്‍ത്താന്‍ ഹസ്സന്‍ ബോല്‍കിയയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. എണ്ണ കൊണ്ട് സമ്പന്നമായ 4,20,000 ജനസംഖ്യയുള്ള രാജ്യത്ത് 65 ശതമാനത്തോളം പേര്‍ മുസ്‌ലിംകളാണ്.

മുസ്‌ലിം മതവിശ്വാസത്തെ ഹനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രൂണെ മതകാര്യ വകുപ്പ് ഉത്തരവിറക്കിയത്. രാജ്യത്തെ അമുസ്‌ലിംങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ അവസരമുണ്ടെങ്കിലും വീടിനു പുറത്ത് അലങ്കാരങ്ങള്‍ തൂക്കുന്നതിനും സാന്താ തൊപ്പികള്‍ അണിയുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ പൊതുമധ്യത്തില്‍ ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാ ചിഹ്നങ്ങളും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

ബ്രിട്ടീഷ് കോളനിയായിരുന്ന ബ്രൂണെയില്‍ കഴിഞ്ഞ 50 വര്‍ഷമായി ഹസ്സന്‍ ബോല്‍കിയയാണ രാജാവായി തുടരുന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷവും ക്രിസ്മസിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2014ല്‍ ബ്രൂണെയില്‍ ഇസ്‌ലാമിക നിയമം നടപ്പിലാക്കിയ നടപടികളുടെ ഭാഗമായാണ് ക്രിസ്മസിനും നിരോധനം ഏര്‍പ്പെടുത്തിയത്.

മുന്‍ സോവിയറ്റ് രാഷ്ട്രമായ താജിക്കിസ്ഥാനും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക്  സമാനമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more