| Monday, 30th December 2024, 11:59 am

ശ്വാസകോസത്തിലെ ചതവുകള്‍ കൂടി; ഉമ തോമസ് അപകടനില തരണം ചെയ്‌തെന്ന് പറയാനാവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കലൂരിലെ നെഹ്‌റു സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ അപകടത്തില്‍പ്പെട്ട യു.ഡി.എഫ് എം.എല്‍.എ ഉമാ തോമസ് ഇനിയും വെന്റിലേറ്റില്‍ തുടരുമെന്നറിയിച്ച് മെഡിക്കല്‍ സംഘം. അപകടനില തരണം ചെയ്‌തെന്ന് പറയാറായിട്ടില്ലെന്നും അതിനാല്‍ നിലവില്‍ നല്‍കി വരുന്ന ചികിത്സ തുടരാനുമാണ് തീരുമാനം.

ഉമാ തോമസിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാന്‍ ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ നടത്തിയ സി.ടി.സ്‌കാന്‍ പരിശോധനയില്‍ തലയിലെ പരിക്ക് ഗുരുതരമായിട്ടില്ല എന്ന് കണ്ടെത്തുകയുണ്ടായി. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പ്പം കൂടിയിട്ടുണ്ട്.

വയറിന്റെ സ്‌കാനിങ്ങിലും കാര്യമായ പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നും മെഡില്‍ ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിലെ ചതവുകള്‍ ഗുരുതരമായതിനാല്‍ ഇനിയും കുറച്ച് ദിവസങ്ങള്‍കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരും.

ഇവ പരിഹരിക്കാന്‍ ആന്റി ബയോട്ടിക്കുകള്‍ നല്‍കും. നിലവില്‍ ശ്വാസകോശത്തിനേറ്റ ചതവ് പരിഹരിക്കാനാണ് മെഡിക്കല്‍ സംഘം ശ്രദ്ധ കൊടുക്കുന്നത്. തലച്ചോറിന് ഏറ്റ ക്ഷതം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നിലവില്‍ വാരിയെല്ലിലേയും ശ്വാസകോശത്തിലേയും ചതവുകള്‍ പരിശോധിക്കാനാണ് ശ്രമിക്കുന്നത്.

ഇനിയും 24 മണിക്കൂറുകള്‍ എം.എല്‍.എ നീരീക്ഷണത്തില്‍ തുടരും. അതിനുശേഷം വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

അതേസയം നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി സംഘടിപ്പിച്ചതിനാല്‍ സംഘാടകര്‍ക്കെതിരെ കേസ് എടുത്തു. കൂടാതെ പരിപാടിക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ഫീസ് ഈടാക്കിയെന്ന ആരോപണവുമുണ്ട്.

ഇന്നലെ രാത്രിയോടെ അപകടത്തില്‍ ഡി.ജി.പിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ സ്റ്റേജ് കരാര്‍ ഏറ്റെടുത്തവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തത്.

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അപകടം ഉണ്ടായത്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യക്കിടെ 12 അടി ഉയരത്തില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീഴുകയായിരുന്നു.

Content Highlight: Bruises in lungs; The medical board said that it cannot be said that Uma Thomas was out of danger

Latest Stories

We use cookies to give you the best possible experience. Learn more