ഹൈദരാബാദ്: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി. ദേവഗൗഡയുടെ ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയെ പിന്തുണക്കുമെന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) നേതാവ് കെ. ചന്ദ്രശേഖര റാവു. മെയ് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) എന്ന പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി എന്ന് ചന്ദ്രശേഖര റാവു മാറ്റിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു പേരുമാറ്റം.
ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേണ്ടത്ര ആസൂത്രണങ്ങളില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന ആലോചനയും ജെ.ഡി.എസിനെ പിന്തുണക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെ.ഡി.എസിന്റെ ഭാഗത്ത് നിന്ന് ആവശ്യമുണ്ടായാല്‍ കര്‍ണാടകയില്‍ പ്രചരണത്തിനെത്തുന്ന കാര്യം റാവു പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജെ.ഡി.എസ് ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട പരിപാടിയില്‍ എച്ച്.ഡി. കുമാരസ്വാമി പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പില്‍ പരസ്പരം സഹകരിക്കാന്‍ നേരത്തെ ജെ.ഡി.എസും സി.പി.ഐ.എമ്മും തീരുമാനിച്ചിരുന്നു. കര്‍ണാടകയിലെ ബാഗേപ്പള്ളി മണ്ഡലത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സി.പി.ഐ.എമ്മിന് പിന്തുണ നല്‍കാന്‍ ജെ.ഡി.എസ് തീരുമാനിച്ചിരുന്നു.
ഡോ. എ. അനില്‍ കുമാറാണ് ഇത്തവണ ബാഗേപ്പള്ളിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തായിരുന്നു. കോണ്‍ഗ്രസിലെ എസ്.എന്‍ സുബ്ബറെഡ്ഡിയോട് 14,013 വോട്ടിനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായിരുന്ന ജി.വി ശ്രീരാമ റെഡ്ഡി പരാജയപ്പെട്ടത്. അന്ന് ജെ.ഡി.എസ് ഇവിടെ 38,302 വോട്ടുകളാണ് നേടിയത്. അതുകൊണ്ട് തന്നെ ജെ.ഡി.എസ് പിന്തുണ ലഭിക്കുന്നതോടെ മണ്ഡലത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം.
ബാഗേപ്പള്ളി മണ്ഡലത്തില്‍ മൂന്ന് തവണ വിജയം നേടിയതിന്റെ ചരിത്രം സി.പി.ഐ.എമ്മിനുണ്ട്. 1983, 1994, 2004 എന്നീ വര്‍ഷങ്ങളിലാണ് സി.പി.ഐ.എം ഇവിടെ വിജയിച്ചത്. 1994ലും 2004ലും ശ്രീരാമ റെഡ്ഡിയായിരുന്നു ബാഗേപ്പള്ളിയില്‍ വിജയിച്ചത്.
അതിനിടെ മറ്റൊരു അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കാലുറപ്പിക്കാന്‍ ബി.ആര്‍.എസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ നന്ദേഡ് പ്രവിശ്യയില്‍ അടുത്തിടെ രണ്ട് റാലികളെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖര റാവു സംസാരിച്ചിരുന്നു. ഏപ്രില്‍ 24ന് ഔറംഗാബാദില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും റാവു പങ്കെടുക്കുന്നുണ്ട്.
Content Highlights: BRS supports JDS in karnataka election