| Wednesday, 28th August 2024, 2:21 pm

'ഞങ്ങള്‍ യോദ്ധാക്കളാണ്, നിയമപരമായും രാഷ്ട്രീയപരമായും നേരിടും': കെ. കവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ബി.ആര്‍.എസ് നേതാവ് കെ. കവിത. നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് കവിത പ്രതികരിച്ചത്.

‘ഞങ്ങള്‍ യോദ്ധാക്കളാണ്. നിയമപരമായും രാഷ്ട്രീയപരമായും ഞങ്ങളിതിനെ നേരിടും. ബി.ആര്‍.എസ് കെ.സി.ആര്‍ ടീമിനെ തകര്‍ക്കാന്‍ കഴിയാത്തതാക്കുക മാത്രമാണ് ഇവര്‍ ചെയ്തത്,’ ജയിലില്‍ നിന്നിറങ്ങിയ കവിത ആദ്യ പ്രതികരണത്തില്‍ പറഞ്ഞു.

അനധികൃതമായാണ് തന്നെ അഞ്ച് മാസമായി ജയിലിലടച്ചതെന്നും രാഷ്ട്രീയ കാരണമാണ് അതിന് പിന്നിലെന്നുമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബി.ആര്‍. എസ് നേതാവ് കെ. കവിത പറയുന്നത്.

ജയില്‍ മോചിതയായ കെ.കവിതയെ വന്‍ ജനാവലിയോടെയാണ് ബി.ആര്‍.എസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനെയും വിദ്യാഭ്യാസ യോഗ്യതയും മുന്‍കാല പാര്‍ലമെന്റ് അംഗത്വവും പരിഗണിക്കാത്ത ഹൈക്കോടതിയുടെ പരാമര്‍ശത്തെയും സുപ്രീം കോടതി ശക്തമായി എതിര്‍ത്തിരുന്നു. ജൂലൈയില്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇക്കാര്യങ്ങള്‍ പരിഗണിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി വ്യവസ്ഥകള്‍ വ്യക്തമാക്കിയത്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ കസ്റ്റഡി നിര്‍ബന്ധമുള്ള കാര്യമല്ലെന്നും അഞ്ച് മാസമായി അവര്‍ ജയിലിലാണെന്നും സുപ്രീംകോടതി പറഞ്ഞു. അടുത്തൊന്നും വിചാരണ പൂര്‍ത്തിയാവാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മദ്യനയക്കേസില്‍ സൗത്ത് ഗ്രൂപ്പിന്റെ പ്രതിനിധിയാണ് കവിതയെന്നാണ് ഇ.ഡി ആരോപിക്കുന്നത്. പിന്നാലെ കവിതയുടെ ബിനാമി എന്ന് സംശയിക്കുന്ന മലയാളിയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. 30 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും
കേന്ദ്ര ഏജന്‍സികള്‍ പറയുന്നുണ്ട്.

അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ എന്നിവരെയെല്ലാം മദ്യനയക്കേസുമായി ബന്ധപ്പെട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ കവിതക്കും മനീഷ് സിസോദിയക്കുമെല്ലൊം ജാമ്യം ലഭിച്ചെങ്കിലും അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ കെജ്‌രിവാളിന്റെ ജാമ്യം പരിഗണിക്കുന്നത് സെപ്തംബര്‍ മൂന്നിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: brs leader k kavitha about her bail

We use cookies to give you the best possible experience. Learn more