കേന്ദ്രം പിഴവുകള്‍ തിരുത്തണം; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.ആര്‍.എസ്
national news
കേന്ദ്രം പിഴവുകള്‍ തിരുത്തണം; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനൊരുങ്ങി ബി.ആര്‍.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2023, 10:08 am

ഹൈദരബാദ്: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ എം.പിമാരോട് ആവശ്യപ്പെട്ട് ബി.ആര്‍.എസ് ലീഡറും തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു.

കെ.സി.ആറിന്റെ അധ്യക്ഷതയില്‍ നടന്ന ഭാരത് രാഷ്ട്ര സമിതി(ബി.ആര്‍.എസ്) പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പാര്‍ട്ടി എം.പിമാര്‍ക്ക് കെ.സി.ആര്‍ നിര്‍ദേശം നല്‍കി. ആം ആദ്മി പാര്‍ട്ടിയും ബഹിഷ്‌കരണത്തില്‍ പങ്കുചേരുമെന്ന് കെ.സി.ആര്‍ നിര്‍ദേശിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ സൗന്ദര്യ രാജക്കെരായുള്ള പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് നടപടി. തെലങ്കാനക്ക് കിട്ടേണ്ട കേന്ദ്ര ഫണ്ട് നേരിട്ട് സംസ്ഥാനത്തിന് ലഭിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചോദ്യമുന്നയിക്കാനും ആദ്ദേഹം എം.പിമാരോട് നിര്‍ദേശിച്ചു.

സംസ്ഥാനങ്ങള്‍ക്ക് നേരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പിഴവുകള്‍ തിരുത്തണം എന്നതാണ് കെ.സി.ആറിന്റെ ആവശ്യം. ജനുവരി 31ന് നടക്കുന്ന സംയുക്ത സമ്മേളനത്തെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്ത് സംസാരിക്കുക.

അതേസമയം, തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍നടന്ന പതാക ഉയര്‍ത്തലില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവോ മന്ത്രിസഭാംഗങ്ങളോ പങ്കെടുത്തിരുന്നില്ല. ബി.ജെ.പി. മുന്‍ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായിരുന്ന തമിഴിസൈ സൗന്ദരരാജനാണ് തെലങ്കാന ഗവര്‍ണര്‍.