| Saturday, 8th April 2023, 6:10 pm

പോത്തുകളേ, ട്രാക്കിലൊന്നും പോയി നിക്കല്ലേ.. മോദി വന്ദേഭാരതുമായി വന്നിട്ടുണ്ട്; വേറിട്ട പ്രതിഷേധവുമായി ബി.ആര്‍.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ മോദിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബി.ആര്‍.എസ് നേതാവ് വൈ. സതീഷ് റെഡ്ഡി. സെക്കന്തരാബാദ്-തിരുപ്പതി വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ട്രോളിക്കൊണ്ടാണ് സതീഷ് റെഡ്ഡിയും അനുയായികളും രംഗത്തെത്തിയിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ട്രാക്കിലേക്കൊന്നും പോയി നില്‍ക്കരുതെന്നും പോത്തുകളെ ഉപദേശിക്കുന്ന വീഡിയോയാണ് ഇവര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് ട്രെയിനിടിച്ച് പോത്തുകള്‍ക്ക് പരിക്ക് പറ്റിയ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് സമരക്കാര്‍ പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

‘പ്രിയപ്പെട്ട പോത്തുകളേ, മോദി വന്ദേഭാരത് എക്‌സ് പ്രസ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ദയവ് ചെയ്ത് ട്രാക്കിലൊന്നും പോയി നില്‍ക്കരുത്,’ എന്ന പോസ്റ്ററുകളുമായി പ്രദേശത്തെ തൊഴുത്തുകളില്‍ ചെന്ന് പോത്തുകള്‍ക്ക് കാണിച്ച് കൊടുക്കുന്ന വീഡിയോയും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്. കൂട്ടത്തില്‍ വന്ദേഭാരത് ട്രെയിനിടിച്ച് അപകടം പറ്റിയ പോത്തുകളുടെ ഫോട്ടോയും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രതിഷേധത്തിന്റെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

അതിനിടെ സംസ്ഥാനത്തെത്തിയ നരേന്ദ്ര മോദി സെക്കന്തരാബാദില്‍ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശേഷം തെലങ്കാനയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ നടപ്പിലാക്കാനായി തെലങ്കാന സര്‍ക്കാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് മോദി പറഞ്ഞത്.

ഹൈദരാബാദില്‍ വിമാനനിറങ്ങിയ മോദിയെ സ്വീകരിക്കാന്‍ കെ.സി.ആര്‍ എത്താത്തതും വലിയ വാര്‍ത്തയായിരുന്നു. മോദി പങ്കെടുത്ത പൊതുപരിപാടിയിലെ ബി.ആര്‍.എസ് നേതാക്കളുടെ അഭാവവും വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിനെത്തിയ മോദിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഗോ ബാക്ക് ഫാസിസ്റ്റ് മോദി ക്യാമ്പയിന്‍ ട്വിറ്ററിലും സജീവമാവുകയാണ്.

Content Highlight: brs held different protest against modi

We use cookies to give you the best possible experience. Learn more