| Thursday, 11th June 2020, 4:55 pm

'ഇത് ഇന്ത്യന്‍ പശുവല്ല' ; ബീഫ് കഴിക്കുന്ന വാജ്‌പേയിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീലങ്കയില്‍ നടന്ന ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളന വേദിയില്‍ നടന്ന വിരുന്നിനിടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എ.ബി വാജ്‌പേയ് ബീഫ് കഴിച്ചിരുന്നെന്നും അതിനോട് വിരോധം കാണിച്ചിരുന്നില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍.

മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ആത്മകഥാ പരമ്പരയായ ന്യൂസ് റൂമിലാണ് വാജ്‌പേയിയുടെ ബീഫ് കഥ ബി.ആര്‍.പി ഭാസ്‌ക്കര്‍ വിവരിക്കുന്നത്.

‘ ഇന്ത്യന്‍ പത്ര പ്രതിനിധികള്‍ക്ക് വാജ്‌പേയി ഒരു ദിവസം ഉച്ചഭക്ഷണം നല്‍കി. ഒരു പതിറ്റാണ്ട് മുന്‍പ് വഡോദരയില്‍ ജനസംഘത്തിന്റെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു.

അന്ന് വിളമ്പിവെച്ച ഭക്ഷണത്തിന് മുന്നിലിരുന്ന് ഗായത്രീമന്ത്രം ഉരുവിട്ട ശേഷമാണ് വാജ്‌പേയിയും മറ്റ് സംഘ നേതാക്കളും ആഹാരം കഴിച്ചത്.

കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അവിടത്തെ രീതിയില്‍ വാജ്‌പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.

മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്‌പേയി കോരി സ്വന്തം പ്ലേറ്റിലിട്ടപ്പോള്‍ തൊട്ടപ്പുറത്തിരുന്ന ലേഖകന്‍ അദ്ദേഹത്തോട് പറഞ്ഞു” പണ്ഡിറ്റ് ജീ അത് ബീഫാണ്” വാജ്‌പേയി പുഞ്ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: ” ഇത് ഇന്ത്യന്‍ പശു അല്ല” ബി.ആര്‍.പി ഭാസ്‌ക്കര്‍ എഴുതുന്നു.

1977-79ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്തായിരുന്നു കൊളംബോയില്‍ ചേരിചേരാ രാജ്യങ്ങളിലിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നത്.

അന്നത്തെ സമ്മേളനത്തെ ഉലച്ച നിര്‍ണായക വിഷയത്തില്‍ നിലപാടെടുക്കാന്‍ വാജ്‌പേയിക്ക് കഴിഞ്ഞില്ലെന്ന് ബി.ആര്‍.പി ഭാസ്‌ക്കര്‍ എഴുതുന്നു. ചേരിചേരാ പ്രസ്ഥാനത്തിലെ സ്ഥാപക അംഗമായ ഈജിപ്ത് നിലപാട് മാറ്റി ഇസ്രയേലുമായി കരാര്‍ ഒപ്പമിട്ടതായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയം.

ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more