തിരുവനന്തപുരം: ശ്രീലങ്കയില്‍ നടന്ന ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളന വേദിയില്‍ നടന്ന വിരുന്നിനിടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എ.ബി വാജ്‌പേയ് ബീഫ് കഴിച്ചിരുന്നെന്നും അതിനോട് വിരോധം കാണിച്ചിരുന്നില്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍.
മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ആത്മകഥാ പരമ്പരയായ ന്യൂസ് റൂമിലാണ് വാജ്‌പേയിയുടെ ബീഫ് കഥ ബി.ആര്‍.പി ഭാസ്‌ക്കര്‍ വിവരിക്കുന്നത്.
‘ ഇന്ത്യന്‍ പത്ര പ്രതിനിധികള്‍ക്ക് വാജ്‌പേയി ഒരു ദിവസം ഉച്ചഭക്ഷണം നല്‍കി. ഒരു പതിറ്റാണ്ട് മുന്‍പ് വഡോദരയില്‍ ജനസംഘത്തിന്റെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു.
അന്ന് വിളമ്പിവെച്ച ഭക്ഷണത്തിന് മുന്നിലിരുന്ന് ഗായത്രീമന്ത്രം ഉരുവിട്ട ശേഷമാണ് വാജ്‌പേയിയും മറ്റ് സംഘ നേതാക്കളും ആഹാരം കഴിച്ചത്.
കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അവിടത്തെ രീതിയില്‍ വാജ്‌പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.
മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്‌പേയി കോരി സ്വന്തം പ്ലേറ്റിലിട്ടപ്പോള്‍ തൊട്ടപ്പുറത്തിരുന്ന ലേഖകന്‍ അദ്ദേഹത്തോട് പറഞ്ഞു” പണ്ഡിറ്റ് ജീ അത് ബീഫാണ്” വാജ്‌പേയി പുഞ്ചിരിച്ചുകൊണ്ട് പ്രതിവചിച്ചു: ” ഇത് ഇന്ത്യന്‍ പശു അല്ല” ബി.ആര്‍.പി ഭാസ്‌ക്കര്‍ എഴുതുന്നു.