തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതി പിന്‍വലിച്ചാല്‍ മാത്രം പോര അത് ‘മറവ്’ ചെയ്യുക കൂടി വേണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍. പൊതുവികാരം മാനിച്ച് ഓര്‍ഡിനന്‍സ് മരവിപ്പിച്ച സര്‍ക്കാരിനു നന്ദിയെന്നും അദ്ദേഹം പറഞ്ഞു. മനോരമയില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമൂഹ മാധ്യമങ്ങളിലെ ദുഷ്പ്രവണതകളുടെ പേരിലാണ് ആ രംഗത്ത് ഇടപെടാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കാന്‍ പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാതയിലൂടെ നിയമം കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ വിഷയത്തിലെ സമീപനം സത്യസന്ധമായിരുന്നില്ല എന്നുവേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ആശാസ്യമല്ലാത്ത രീതിയില്‍ ഉപയോഗിക്കപ്പെടുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്ത്രീകള്‍ പരാതി നല്‍കിയാലും അതില്‍ നടപടിയെടുക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയുന്നു.
‘പ്രധാനമായി രണ്ടുതരത്തിലുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. ഒന്ന് ലൈംഗികച്ചുവയുള്ള വിവരങ്ങളുടെ വിതരണമാണ്. മറ്റേത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള അപവാദപ്രചാരണം. ആദ്യത്തേതു പലപ്പോഴും ഒറ്റയാന്‍ പ്രവര്‍ത്തനമാണ്. രണ്ടാമത്തേതു സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനവും.
സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണം ഓര്‍ഡിനന്‍സിന് ന്യായീകരണമായി സര്‍ക്കാര്‍ എടുത്തുകാട്ടിയിരുന്നു. എന്നാല്‍ അതു നിയന്ത്രിക്കാനാവശ്യമായ വകുപ്പുകള്‍ കേന്ദ്ര നിയമത്തിലുണ്ട്. സ്ത്രീകള്‍ പരാതി നല്‍കിയാലും ആ നിയമത്തിന്റെ പിന്‍ബലത്തില്‍ നടപടി എടുക്കാന്‍ പൊലീസിനു മടിയാണ്,’ ബി.ആര്‍.പി പറഞ്ഞു.
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നിരന്തര ശല്യക്കാരനായ ഒരു യൂട്യൂബറെ ചോദ്യം ചെയ്യാന്‍ മൂന്ന് ആക്ടിവിസ്റ്റുകള്‍ നേരിട്ട് പോവുകയുണ്ടായി. തുടര്‍ന്ന് യൂട്യൂബര്‍ക്കെതിരെ കേസെടുത്തതിനൊപ്പം നിയമം കയ്യിലെടുത്തുവെന്നാരോപിച്ച് സ്ത്രീകള്‍ക്കെതിരെയും കേസെടുക്കുകയായിരുന്നെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു.
ഉള്ള നിയമം ശരിയായി ഉപയോഗിക്കാത്ത, വേട്ടക്കാരനെയും ഇരയെയും ഒരുപോലെ കാണുന്ന പൊലീസിന് കൂടുതല്‍ അധികാരം നല്‍കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യന്‍ സൈബര്‍ ലോകത്ത് ബി.ജെ.പിയും കേരള സൈബര്‍ രംഗത്ത് സി.പി.ഐ.എമ്മും ആണ് പ്രബല ശക്തികളെന്നും അവരുടെ ന്യായീകരണ തൊഴിലാളികളും ആരോപണ തൊഴിലാളികളുമാണ് അവിടെ പണിയെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
രണ്ട് കേഡര്‍ പാര്‍ട്ടികള്‍ക്കും അവരുടെ അണികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സൈബര്‍ ലോകത്തെ രാഷ്ട്രീയ മാലിനീകരണത്തെ ഗണ്യമായി കുറയ്ക്കാനാകുമെന്നും അതിനവര്‍ ശ്രമിക്കണമെന്നും അ ദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന ഘട്ടത്തില്‍ ഇത്തരത്തിലൊരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിച്ചവര്‍ തീര്‍ച്ചയായും ജനാധിപത്യ വിശ്വാസികളല്ലെന്നും അവര്‍ അഭ്യുദയകാംക്ഷികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.
എന്നാല്‍ ശക്തമായ പ്രതിഷേധമാണ് നിയമത്തിനെതിരെ ഉയര്‍ന്ന് വന്നത്. സി.പി.ഐ.എം ദേശീയ നേതൃത്വം കൂടി ഇടപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക