മ­അദ­നി മു­സ്‌ലിം­ക­ളു­ടെ മാ­ത്രം പ്ര­ശ്‌­ന­മല്ല
Discourse
മ­അദ­നി മു­സ്‌ലിം­ക­ളു­ടെ മാ­ത്രം പ്ര­ശ്‌­ന­മല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd June 2010, 11:18 pm

ബി ആര്‍ പി ഭാ­സ്‌കര്‍

” ഇനി വിഭാഗീയാടിസ്ഥനത്തിലുള്ള സമരങ്ങളില്‍ നിന്ന് മു­സ്‌ലിം സമൂഹം പിന്‍വാങ്ങണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഅദനിക്ക് നീതി ലഭ്യമാകണമെന്നത് പി ഡി പിയുടെയൊ മു­സ്‌ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. നാട്ടില്‍ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്ന­ത്”- ബി ആര്‍ പി ഭാ­സ്‌കര്‍

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെ­ട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാ­സര്‍ മഅദനിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനായി മു­സ്‌ലിം ഐക്യവേദി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ന­ടത്തിയ ധര്‍­ണ്ണ­യില്‍ മു­തിര്‍­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­കന്‍ ബി ആര്‍ പി ഭാ­സ്­കര്‍ ന­ടത്തി­യ ഉ­ദ്­ഘാടന പ്ര­സം­ഗ­ം.

അബ്ദുള്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണക്കുശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടിട്ട് മൂന്ന് കൊല്ലമായിട്ടില്ല. ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണ്ണാടക പോലീസ് അദ്ദേഹത്തെ പ്രതിയാക്കുകയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു.

കോയമ്പത്തൂര്‍ കേസില്‍ അദ്ദേഹം അറസ്റ്റിലായത് 1998 ഫെബ്രുവരിയിലാണ്. 2007 ആഗസ്റ്റില്‍ കോടതി നിരപരാധിയെന്ന് കണ്ടെത്തുന്നതുവരെയുള്ള ഒമ്പത് കൊല്ലവും ആറ് മാസവും അദ്ദേഹം കാരാഗൃഹത്തിലായിരുന്നു. ഈ കാലയളവില്‍ അദ്ദേഹത്തിന് ഒരിക്കല്‍ പോലും ജാമ്യമൊ പരോളൊ അനുവദിച്ചിരുന്നില്ല. ജാമ്യത്തിനായി അദ്ദേഹം കോയമ്പത്തൂരിലെ ചെറിയ കോടതി മുതല്‍ ഡല്‍ഹിയിലെ സര്‍വോന്നത കോടതിയെ വരെ സമീപിച്ചിരുന്നു. എല്ലാ കോടതികളും ജാമ്യം നിഷേധിച്ചു.

ജ വി ആര്‍ കൃഷ്ണയ്യര്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ ജാമ്യമാണ് ചട്ടം, ജയില്‍ അപവാദമാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരവസരത്തില്‍ സുപ്രീം കോടതി പറഞ്ഞു 90 ദിവസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നല്‍കണമെന്ന്. ഈ വിധികള്‍ നല്‍കിയ ജഡ്ജിമാരുടെ പിന്‍ഗാമികള്‍ അവയിലെ തത്ത്വങ്ങള്‍ പാലിക്കാന്‍ കൂട്ടാക്കിയില്ല. വികലാംഗനും രോഗിയുമായിരുന്ന മഅദനിക്ക് മതിയായ ചികിത്സാ സൌകര്യങ്ങള്‍ പോലും ലഭിച്ചില്ല.

ഈവിധത്തില്‍ മഅദനി കടുത്ത മനുഷ്യാവകാശലംഘനത്തിന് വിധേയനായപ്പോള്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അതിനെതിരെ ശബ്ദമുയര്‍ത്തി. കേരള ജനതയുടെ വികാരം കണക്കിലെടുത്ത് നിയമസഭ 2006ല്‍ അദ്ദേഹത്തോട് നീതികാട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്‌ഠേന പാസാക്കി. അതൊന്നും ഫലം കണ്ടില്ല. ഈ പശ്ചാത്തലത്തിലാണ് മഅദനിയും അനുയായികളും മുസ്ലിം സമൂഹവും ബംഗളൂരു കേസിനെ കോയമ്പത്തൂരിന്റെ ആവര്‍ത്തനമായി കാണുന്നത്.

മറ്റ് ചില വസ്തുതകള്‍ കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ബി ജെ പി നേതാവ് എല്‍ കെ അദ്വാനി കോയമ്പത്തൂര്‍ സന്ദര്‍ശിച്ച ദിവസമാണ് അവിടെ സ്‌ഫോടനം നടന്നത്. അതിനു മുമ്പ് പോലീസും ആര്‍ എസ് എസും ചേര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ അവിടെ അതിക്രമങ്ങള്‍ നടത്തിയിരുന്നു. പി യു സി എല്ലിന്റെ വസ്തുതാപഠന സംഘം ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് അദ്വാനിയെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനമെന്ന് ആര്‍ എസ് എസ്. പ്രചരിപ്പിച്ചു. അന്ന് തമിഴ് നാട്ടില്‍ അധികാരത്തിലിരുന്ന ജയലളിതയുടെ എ ഐ എ എം ഡി കെ, ബി ജെ പി യുമായി സഖ്യത്തിലായിരുന്നു. മഅദനിയെ വെറുതെ വിട്ടുകൊണ്ടുള്ള കോയമ്പത്തൂര്‍ കേസ് വിധി ബി ജെ പി യുടെ ദേശീയ നേതൃത്വത്തിനും കേരള നേതൃത്വത്തിനും സ്വീകാര്യമായില്ല. അവര്‍ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ടു.

തമിഴ് നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതി കീഴ്‌കോടതി വിധി ശരിവെച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 43 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയ കോടതിയാണ് മഅദനിയെ വെറുതെ വിട്ടത് സംഘ് പരിവാറിനു ഇത്തരത്തിലുള്ള നീതിനടത്തിപ്പില്‍ വിശ്വാസമില്ല. അത് മഅദനിക്കെതിരായ പ്രചാരണം തുടര്‍ന്നു.

ബംഗളൂരു സ്‌ഫോടനം നടന്നത് 2008ലാണ്. 2007ല്‍ ജയില്‍ വിമുക്തനായശേഷം മഅദനി തുടര്‍ച്ചയായി പൊതുജനമദ്ധ്യത്തിലായിരുന്നു. പി ഡി പി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ഇക്കാലമത്രയും അദ്ദേഹം കേരളാ പോലീസിന്റെ സുരക്ഷാ വലയത്തിലുമായിരുന്നു. അദ്ദേഹം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുമായിരുന്നെന്ന് അനുമാനിക്കാവുന്നതാണ്. സുരക്ഷാ വലയത്തിലും നിരീക്ഷണത്തിലുമായിരുന്നപ്പോള്‍ അദ്ദേഹം ഗൂഢാലോചന നടത്തി സ്‌ഫോടനം സംഘടിപ്പിച്ചെന്നാണ് കര്‍ണ്ണാടക പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

മഅദനി കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ പറയുകയുണ്ടായി. അധികാരത്തിന്റെ തണലില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് ജാമ്യവും പരോളും ഇല്ലാതെ പത്തു കൊല്ലത്തോളം ജയിലില്‍ കഴിഞ്ഞ മനുഷ്യനാണ് അദ്ദേഹം ഈ ഉപദേശം നല്‍കുന്നത്.

ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. അത് പോലീസിന്റെ മേലുള്ള രാഷ്ട്രീയ നിയന്ത്രണമാണ്. പോലീസ് ഭരണാധികാരികളുടെ ഇച്ഛയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എടുത്തു കാണിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ ബി ജെ പി ഭരിക്കുന്ന കര്‍ണ്ണാടകത്തിലെ പോലീസിന്റെ നീക്കങ്ങളെ മഅദനിയും മുസ്ലിം സമൂഹവും ആശങ്കയോടെ വീക്ഷിക്കുന്നത് മനസിലാക്കാവുന്നതേയുള്ളു.

തീവ്രവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കാനുള്ള ശ്രമം മതനിരപേക്ഷതയുടെ പാരമ്പര്യം ഉള്‍ക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങള്‍ അനുവദിക്കുകയില്ല.

രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അന്വേഷണങ്ങള്‍ മുസ്ലിങ്ങള്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുക്കള്‍ നടത്തിയ ഭീകര പ്രവര്‍ത്തനങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ട ചില കുറ്റങ്ങള്‍ ചെയ്തത് ഹിന്ദുക്കളായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഭീകരവാദികളെല്ലാം മുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ച് സമുദായത്തെ മൊത്തത്തില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുകയാണ്. തീവ്രവാദത്തിന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിരോധത്തിലാക്കാനുള്ള ശ്രമം മതനിരപേക്ഷതയുടെ പാരമ്പര്യം ഉള്‍ക്കൊണ്ടിട്ടുള്ള കേരളത്തിലെ ജനങ്ങള്‍ അനുവദിക്കുകയില്ല.

കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുകയും കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്ത സ്ഥിതിക്ക് മഅദനിയുടെ മുന്നിലുള്ള നിയമപരമായ ഏക മാര്‍ഗ്ഗം കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയാണ്. നിയമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുമുണ്ട്. പി ഡി പി പ്രവര്‍ത്തകര്‍ അവരുടെ വികാരം ശക്തിയായി പ്രകടിപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് അന്‍വാര്‍ശ്ശേരിയില്‍ അവര്‍ നടത്തിവരുന്ന ഉപവാസ സമരം അവസാനിപ്പിക്കണെമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇസ്ലാമിക പണ്ഡിതന്മാരുടെയും മുസ്ലിം സമൂഹത്തിന്റെയും വികാരമാണ് ഈ ധര്‍ണ്ണയില്‍ പ്രകടമാകുന്നത്. ഇനി വിഭാഗീയാടിസ്ഥനത്തിലുള്ള സമരങ്ങളില്‍ നിന്ന് മുസ്ലിം സമൂഹം പിന്‍വാങ്ങണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഅദനിക്ക് നീതി ലഭ്യമാകണമെന്നത് പി ഡി പി യുടെയൊ മുസ്ലിങ്ങളുടെയൊ മാത്രം ആവശ്യമല്ല. അത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. നാട്ടില്‍ നീതി പുലരണമെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.

മുസ്ലിങ്ങളാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം. ആ സ്ഥിതിക്ക് കേരളത്തില്‍ ശാന്തിയും മതനിരപേക്ഷതയും നിലനില്‍ക്കുന്നെന്ന് ഉറപ്പുവരുത്താന്‍ മറ്റേതൊരു സമുദായത്തേക്കാളും കൂടുതല്‍ ഉത്തരവാദിത്വം മുസ്ലിം സമൂഹത്തിനുണ്ട്. ആ ഉത്തരവാദിത്വം മുസ്ലിം സമൂഹം നിറവേറ്റുമെന്ന് വിശ്വാസത്തോടെ ധര്‍ണ്ണ ഔപചാരികമായി ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.