തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍.
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഗാന്ധിമാര്‍ക്കേ കഴിയൂവെന്നും, അതിനവര്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞുപോകുകയാണ് വെണ്ടതെന്നും ബി.ആര്‍.പി. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
‘ചോദ്യം: കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍ക്ക് കഴിയും?
ഉത്തരം: ഗാന്ധിമാര്‍ക്ക്. ചോദ്യം: എങ്ങനെ? ഉത്തരം: അവരതില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിലൂടെ,’ ബി.ആര്‍.പി ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടി(എ.എ.പി) അധികാരത്തിലേക്കടുക്കുകയാണ്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എ.എ.പി പഞ്ചാബില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ആകെയുള്ള 117 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 91 സീറ്റിലും എ.എ.പി മുന്നേറുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 17 സീറ്റിലും ശിരോമണി അകാലിദള്‍ ആറു സീറ്റിലും ലീഡ് ചെയ്യുന്നു.
ബി.ജെ.പി സഖ്യം രണ്ട് സീറ്റിലാണ് മുന്നില്‍. പഞ്ചാബില്‍ കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ദല്‍ഹിക്ക് പുറത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് എ.എ.പി ഭരണത്തിലേക്ക് വരുന്നത്. എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗവന്ത് സിങ് മാന്‍ ധൂരിയില്‍ തകര്‍പ്പന്‍ വിജയം നേടി.
ഗോവയില്‍ ഇത്തവണയും ബി.ജെ.പി സര്‍ക്കാര്‍ വരുമെന്ന സാധ്യതയേറി. മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരത്തില്‍ വീണ്ടും എത്തുന്നത്. 40 സീറ്റുകളുള്ള ഗോവയില്‍ നിലവില്‍ 19 സീറ്റുകളിലാണ് ബി.ജെ.പി ജയം. ഇതിനൊപ്പം മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ ഉറപ്പിച്ച ബി.ജെ.പി കേവല ഭൂരിപക്ഷമെന്ന 21 കടന്നു. ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനെ പിന്നിലാക്കി ഭരണം ഉറപ്പിച്ച് ബി.ജെ.പി മുന്നേറുകയാണ്.
Content Highlights: BRP Bhaskar, a senior journalist, was responding to the Congress’ poor performance in the five state assembly elections.