| Tuesday, 28th July 2020, 3:12 pm

'മറുപടി അര്‍ഹിക്കുന്നോ എന്നത് വിലയിരുത്തേണ്ടത് ജനങ്ങള്‍; ഉത്തരം പറയാതിരുന്ന കാരണം ശരിയായില്ല'; മുഖ്യമന്ത്രിയുടെ മൗനത്തില്‍ ബി.ആര്‍.പി ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതിരുന്ന വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കര്‍. ചോദ്യം ചോദിക്കാനുള്ള അവകാശം പോലെ തന്നെ മറുപടി പറയാതിരിക്കാനുള്ള അവകാശവും ഉണ്ടെന്ന് അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതേസമയം ഉത്തരം പറയാതിരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ കാരണം ശരിയായി തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നുണ്ടോ ഇല്ലെയോ എന്ന തീരുമാനിക്കേണ്ടത് പ്രേക്ഷകനാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

“ആരെയും നമുക്ക് ചോദ്യത്തിന് ഉത്തരം പറയാന്‍ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലല്ലോ. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത് വസ്തുതകള്‍ പുറത്തുകൊണ്ടു വരിക എന്നതാണ്. നോ കമന്റ്‌സ് എന്ന് പറയുന്നത് ഒരു സാധാരണ രീതിയാണ്. നമുക്ക് ചോദിക്കാനുള്ള അവകാശം ഉള്ളത് പോലെ തന്നെ മറുവശത്ത് ഉള്ളയാള്‍ക്ക് മറുപടി പറയാതിരിക്കാനുള്ള അവകാശവുമുണ്ട്. ആ സാഹചര്യത്തില്‍ നിന്ന് വസ്തുതകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിലാണ് കാര്യം. അതില്‍ നിന്ന് വായനക്കാര്‍ അവരുടേതായ നിഗമനത്തിലെത്തും. മുഖ്യമന്ത്രിയോട് അനുകൂലമായ ഒരാളെങ്കില്‍ അതാണ് ശരിയെന്ന് കരുതും. അല്ലാത്തൊരാളെങ്കില്‍ മറിച്ച് ചിന്തിക്കും. വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരിക എന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ ജോലി. നമ്മള്‍ വിചാരിക്കുന്ന ഉത്തരം കിട്ടണമെന്നില്ല.
ഇവിടെ അദ്ദേഹം പറയുന്നത് ആ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ല എന്നാണ്. അതൊരു ശരിയായ നയമല്ല. അദ്ദേഹത്തിന് മറുപടി പറയാതിരിക്കാനുള്ള അവകാശമുണ്ട്. വസ്തുതകള്‍ ജനങ്ങളുടെ എത്തട്ടേ എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ ചോദ്യം മറുപടി അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നതും അതിനുള്ള ഉത്തരമെഴുതുന്നതും വായനക്കാര്‍ക്ക്് വേണ്ടിയാണ്”. അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ ബി.ജെ.പി.യും സി.പി.ഐ.എമ്മും ചേര്‍ന്ന് സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാതിരുന്നത് വലിയ വിവാദമായിരുന്നു. 16 നിമിഷത്തെ മൗനത്തിന് ശേഷം മാധ്യമപ്രവര്‍ത്തക ചോദ്യം കേട്ടോ എന്ന് ചോദിച്ചതിന് ശേഷം ഞാന്‍ കേട്ടു മറുപടി അര്‍ഹിക്കാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more