വാഷിങ്ടണ്‍: ക്യാമ്പസിലെ ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി യു.എസ് ഭരണകൂടത്തിന്റെ ഫെഡറല്‍ ഫണ്ട് നഷ്ടപ്പെടുന്ന അഞ്ചാമത്തെ സര്‍വകലാശാലയാവാനൊരുങ്ങി ബ്രൗണ്‍ യൂണിവേഴ്‌സിറ്റി.
ക്യാമ്പസിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ സര്‍വകലാശാലയ്ക്കുള്ള 510 മില്യണ്‍ ഡോളര്‍ ഗ്രാന്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഭരണകൂടം ലക്ഷ്യമിടുന്നതായും ക്യാമ്പസിന്റെ നയങ്ങള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചെങ്കിലും ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് വേദിയായതിന്റെ പേരില്‍ നടപടിയുണ്ടാകുമെന്ന് മാര്‍ച്ചില്‍ മുന്നറിയിപ്പ് ലഭിച്ച സര്‍വകലാശാലകളില്‍ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് വേദിയായ യു.എസിലെ ഐവി ലീഗ് സര്‍വകലാശാലകളില്‍ ഒന്നാണ് ബ്രൗണ്‍ യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഹൃദയഭാഗത്ത് ഒരു ക്യാമ്പ് സ്ഥാപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, മറ്റ് സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമായി, പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുന്നതിനുപകരം ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബ്രൗണ്‍ സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചത്.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്കെതിരെ നടപടിയെടുത്താല്‍ ഫെഡറല്‍ ഫണ്ടിങ് നഷ്ടപ്പെടുന്ന അഞ്ചാമത്തെ സര്‍വകലാശാലയായി ബ്രൗണ്‍ മാറും. ഈ വര്‍ഷം മാര്‍ച്ചില്‍ ട്രംപ് ഭരണകൂടം ജൂതവിരുദ്ധത ആരോപിച്ച് കൊളംബിയ സര്‍വകലാശാലയുടെ 400 മില്യണ്‍ ഡോളര്‍ വരുന്ന ഫെഡറല്‍ ഫണ്ടിങ് വെട്ടിക്കുറച്ചിരുന്നു.
പിന്നീട് ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടിയുടെ ഭാഗമായി ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ച ഫെഡറല്‍ കരാറുകളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് യു.എസ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി സര്‍വകലാശാലയുടെ 255 മില്യണ്‍ ഡോളറിന്റെ കരാറും വിവിധ വര്‍ഷങ്ങളിലായി അനുവദിച്ച 8.7 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റും ഭരണകൂടം പരിശോധനയ്ക്ക് വിധേയമാക്കും.
ഏപ്രില്‍ ഒന്നിന് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പേരില്‍ ട്രംപ് ഭരണകൂടം പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയുടെ 210 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന നിരവധി ഗവേഷണ ഗ്രാന്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയുണ്ടായി.
ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി പെന്‍സില്‍വാനിയ സര്‍വകലാശാലയുടെ 175 മില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.
Content Highlight: Brown University set to become fifth US university to have federal funding cut by Trump over anti-Semitism allegation