[share]
[] കോഴിക്കോട്: ഗള്‍ഫിലെ സുഹൃത്തിന് നല്‍കാനേല്‍പിച്ച ജിന്‍സ് പാന്റിന്റെ പോക്കറ്റില്‍ ഒന്നരക്കോടിയിലേറെ വില വരുന്ന ബ്രൗണ്‍ ഷുഗര്‍. സംഭവവുമായി ബന്ധപ്പട്ട് മലപ്പുറം കാളികാവ് ഒഞ്ചിപ്രായില്‍ റാസിഖിനെ (21) പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ജറീഷിന്റെ കൈവശം റാസിഖ് നല്‍കിയ മുന്ന് ജീന്‍സ് പാന്റിനകത്തായിരുന്നു ബ്രണ്‍ ഷുഗര്‍ കണ്ടെത്തിയത്. ഗള്‍ഫിലെ മറ്റൊരാള്‍ക്ക് നല്‍കമെന്ന് പറഞ്ഞാണ് ജീന്‍സ് പാന്റുകള്‍ ജറീഷിനെ ഏല്‍പ്പിച്ചത്. എന്നാല്‍ ലഗ്ഗേജിന്റെ ഭാരം ജറീഷിന് തുണയായി. കൊണ്ടുപോകേണ്ട ലഗേജുകള്‍ മൊത്തം തൂക്കി നോക്കിയപ്പോള്‍ പരിധിയില്‍ കൂടുതല്‍ ഭാരമുള്ളതിനാല്‍ പാന്റ്‌സ് വീട്ടില്‍ വെച്ചാണ് ജറീഷ് കുവൈത്തിലേക്ക് മടങ്ങിയത്.
ഒരു കിലോ 28 ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളിലാണ് ബ്രണ്‍ ഷുഗര്‍ പാന്റില്‍ ഒളിപ്പിച്ചിരുന്നത്. പാന്റ് തിരികെ വാങ്ങാനെത്തിയ രണ്ടുപേരില്‍ റാസിഖിനെ നാട്ടുകാര്‍ പിടികൂടി ബാലുശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ പാന്റ്‌സ് വാങ്ങാന്‍ ഒരാള്‍ എത്തിയിരുന്നെന്നും ഭാരം കൂടുതലായതിനാല്‍ ജീന്‍സ് കൊണ്ടുവന്നിട്ടില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ക്ഷുഭിതനായെന്നും ജറീഷ് പറഞ്ഞു. ഇതില്‍ ദുരൂഹത തോന്നിയ ജറീഷ് വീട്ടിലേക്ക് വിളിച്ച് കാര്യം പറയുകയും അതേത്തുടര്‍ന്ന് പാന്റ് പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. 10 ദിവസത്തെ ലീവിന് നാട്ടിലെത്തി 12നാണ് ജറീഷ് തിരികെ കുവൈറ്റിലേക്ക് പോയത്.