| Monday, 26th July 2021, 11:46 am

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റിലേക്ക് ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ രാഹുലിന്റെ പ്രതിഷേധം.

കര്‍ഷകരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

‘കേന്ദ്രം കര്‍ശഷകരുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ തയ്യാറല്ല. മൂന്ന് നിയമങ്ങളും രണ്ടോ മൂന്നോ ബിസിനസുകാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ഈ രാജ്യത്തെ എല്ലാവര്‍ക്കുമറിയാം,’ രാഹുല്‍ പറഞ്ഞു.

സമരം ചെയ്യുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പെ ട്രാക്ടര്‍ പ്രതിഷേധം തടഞ്ഞ ദല്‍ഹി പൊലീസ്, രാഹുലിനേയും പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയേയും കസ്റ്റഡിയിലെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി തുടരുന്ന സമരം കടുപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിന് ബി.ജെ.പി. നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.

ഹരിയാനയിലുടനീളം വലിയ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഹരിയാനയില്‍ വ്യാപകമായി ട്രാക്ടര്‍ റാലികളും പരേഡുകളും നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം അടക്കം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നു.

മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന് സമീപത്താണ് കര്‍ഷകര്‍ നിലവില്‍ സമരം നടത്തുന്നത്. ജന്തര്‍ മന്ദറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന സമരത്തില്‍ ദിവസം 200 പേര്‍ക്ക് വരെ സമരത്തില്‍ പങ്കെടുക്കാനാണ് അനുമതി.

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിനകത്തും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ആഗസ്റ്റ് ഒന്‍പതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനിടെയാണിത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Brought kisaan’s message: Rahul Gandhi drives tractor to Parliament, gets detained

We use cookies to give you the best possible experience. Learn more