ലക്‌നൗ: പണം നല്‍കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ സഹോദരങ്ങളെ വെടിവെച്ചു കൊന്നു. പ്രതാപ്ഗഢിലാണ് സംഭവം. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനു വഴങ്ങാത്തതിന്റെ പേരിലാണ് സഹോദരങ്ങളെ വെടിവെച്ചു കൊന്നത്.
ശ്യാം സുന്ദര്‍ ജയ്‌സ്വാള്‍ (55), ശ്യാം മുരാത് ജയ്സ്വാള്‍ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് ദിവസങ്ങളായി പണമാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Read: ഹനാനെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കേസെടുത്തു
പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അന്വേഷണ വിധേയമായി കോഹാന്ദൗര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ നാഗേന്ദ്ര സിങ് നാഗറിനെ സസ്‌പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സഹോദരന്മാര്‍ക്കു നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന തൊഴിലായിരുന്നു സഹോദരന്മാര്‍ ചെയ്തിരുന്നത്.
ഏതാനും ദിവസങ്ങളായി പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശങ്ങള്‍ വന്നിരുന്നു. ഇക്കാര്യം സഹോദരങ്ങള്‍ കുടുംബാംഗങ്ങളോടു പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ അലഹബാദ് ഫൈസാബാദ് ദേശീയപാത ഉപരോധിച്ചു. ഇത് ഏറെനേരത്തെ ഗതാഗതക്കുരുക്കിനും ഇടയാക്കി.
സഹോദരങ്ങളുടെ കുടുംബത്തിനു 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കേസിനു കൂടുതല്‍ പ്രാധാന്യം നല്‍കി അന്വേഷിക്കണമെന്നും പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു.