കുറിച്ചി: അച്ഛനുമമ്മയും മരണത്തില്‍ ഒരുമിച്ചപ്പോള്‍ ജീവിതത്തില് തനിച്ചായി അമല്‍. കഴിഞ്ഞ ദിവസം തുരുത്തി പുന്നമൂട് ജംക്ഷനിലുണ്ടായ അപകടത്തില്‍ മരിച്ച ദമ്പതികളായ സൈജുവിന്റേയും വിബിയുടേയും ഏകമകനാണ് അമല്‍.
ബന്ധുവിന്റെ സംസ്‌കാര ചടങ്ങിന് പോയി വരുന്നതിനിടെയാണ് സൈജുവും വിബിയും സഞ്ചരിച്ചിരുന്ന കാര്‍ അപടകടത്തില്‍പ്പെടുന്നത്.
സംസ്‌കാര ചടങ്ങിന് പോയ മാതാപിതാക്കള്‍ മടങ്ങിവരില്ലെന്ന സത്യം ഏറെ വൈകിയാണ് അമലിനേയും ഇവരോടൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയേയും അറിയിക്കുന്നത്.
ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ നിന്ന സൈജുവിന് കരുത്തായി എന്നും കൂടെയുണ്ടായിരുന്നത് വിബിയാണ്. നാഗാലാന്‍ഡില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്.
പിന്നീട് ചങ്ങനാശേരിയിലെ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് സൈജുവിന്റേയും വിബിയുടേയും മറ്റൊരു മകനായ ഏബല്‍ മരണത്തിന് കീഴടങ്ങുന്നത്.
രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏബലിന്റെ മരണം തെല്ലൊന്നുമല്ല ആ കുടുംബത്തെ ഉലച്ചത്. ഇവരുടെ മറ്റൊരു മകന്‍ സിറിലും വളരെ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു.
ആ വിഷമത്തില്‍ നിന്നെല്ലാം കരകയറാന്‍ സൈജുവിനേയും വിബിയേയും സഹായിച്ചത് അമലിന്റെ സാന്നിധ്യമായിരുന്നു. എന്നാലിപ്പോള്‍ അമലിനെ തനിച്ചാക്കി ഇരുവരും ഒരുമിച്ച് യാത്രയായപ്പോള്‍ എങ്ങനെ അമലിനെ പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.
പുന്നമൂട് ജംക്ഷനില്‍ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രികരായ സൈജുവും വിബിയും മരിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചങ്ങനാശേരി ഭാഗത്ത് നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും തെറിച്ച് വീഴുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Content Highlights: Brothers first; Amal was left alone and now his parents have also left