| Friday, 6th September 2019, 4:54 pm

'എത്ര നാളായി നിന്നെ ഇങ്ങനെ കൈലിമുണ്ടുടുത്ത് ചിരിച്ചു നിക്കണ കണ്ടിട്ട്'... ബ്രദേഴ്‌സ് ഡേ റിവ്യൂ

ഹരിമോഹന്‍

ആഘോഷ സിനിമകളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഓണച്ചിത്രങ്ങളുടെ വരവുകളൊക്കെയും. ഒപ്പം ഈ ഓണം സംവിധായക മേലങ്കിയണിഞ്ഞ നടന്മാരുടേതായിരിക്കുമെന്നു കൂടിയാണ് മലയാള സിനിമ സൂചിപ്പിക്കുന്നത്. ആദ്യം ധ്യാന്‍ ശ്രീനിവാസന്റെ സംവിധാന അരങ്ങേറ്റമായ ലവ് ആക്ഷന്‍ ഡ്രാമയായിരുന്നെങ്കില്‍ മിമിക്രി രംഗത്തേക്കും അവിടെനിന്ന് അഭിനയരംഗത്തേക്കും നടന്നുകയറിയ കലാഭവന്‍ ഷാജോണ്‍ സംവിധായകനും തിരക്കഥാകൃത്തുമായി ഈ വെള്ളിയാഴ്ച മലയാളിപ്രേക്ഷകരുടെ മുന്നിലേക്കു കടന്നുവരികയാണ്.

‘എത്ര നാളായി നിന്നെ ഇങ്ങനെ കൈലിമുണ്ടുടുത്ത് ചിരിച്ചു നിക്കണ കണ്ടിട്ട്’.. നായകന്റെ ഇന്‍ട്രോ സീനിലെ ഡയലോഗ് സൂചിപ്പിക്കുന്നതു പോലെ പൃഥ്വിരാജിന്റെ സിനിമയിലേക്കുള്ള വരവുകളും നാഴികക്കല്ലുകളുമൊക്കെ വേണ്ടവിധത്തില്‍ ഉപയോഗിച്ചുകൊണ്ടാണ് ‘ബ്രദേഴ്‌സ് ഡേ’യുടെ വരവ്. ‘നയന്‍’ എന്ന മിസ്റ്ററി ത്രില്ലറിനു ശേഷം ഒരു സമ്പൂര്‍ണ്ണ പൃഥ്വി സിനിമയെത്തുന്നത് ആദ്യമാണ്. അതും ആഘോഷ സിനിമകളെയും പൃഥ്വിരാജ് എന്ന താരത്തെയും എങ്ങനെ ഉപയോഗിക്കണമെന്നറിയാവുന്ന കലാഭവന്‍ ഷാജോണിന്റെ കൈകളില്‍ക്കൂടി.

പൂര്‍ണമായും ഫാമിലി-ഫണ്‍ എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ സിനിമയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവവും കൂടി തനിമ ചോരാതെ കൂട്ടിച്ചേര്‍ക്കാനായപ്പോഴാണ് ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ എന്ന നിലയിലേക്ക് ബ്രദേഴ്‌സ് ഡേ മാറുന്നത്.

ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു സഹോദരന്റെ ജീവിതത്തില്‍ക്കൂടി കടന്നുപോകുന്ന സിനിമയാണ് ബ്രദേഴ്സ് ഡേ. പക്ഷേ ടൈറ്റില്‍ വെച്ചുകൊണ്ട് സിനിമയെ ഒരു നിലയ്ക്കും പ്രവചിക്കാനാവാത്ത വിധത്തിലാണ് ഷാജോണിന്റെ എഴുത്ത്.

ടൈറ്റില്‍ റോളിലെ സഹോദരനായി റോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്ക് അരങ്ങുതകര്‍ക്കാന്‍ കിട്ടിയ വേദി കൂടിയായിരുന്നു ഈ സിനിമ. ഏറെനാളായി താന്‍ ചെയ്യുന്ന സിനിമകളിലൊക്കെയും മാസ്സ്, സീരിയസ് വേഷങ്ങള്‍ ചെയ്ത പൃഥ്വിക്ക് ആവശ്യത്തിലധികം തമാശ പറയാനും തകര്‍ക്കാനും അവസരം നല്‍കുകയാണ് ഷാജോണ്‍ ചെയ്തത്. ആദ്യ പകുതിയിലുടനീളം പൃഥ്വിക്ക് ഇതിനുള്ള അവസരം ലഭിച്ചെങ്കിലും തനിക്കു ചേരാത്ത കുപ്പായത്തില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കുട്ടിയെപ്പോലെയായിരുന്നു പലപ്പോഴും അദ്ദേഹം.

ഒരു സസ്‌പെന്‍സ് ഒളിഞ്ഞിരിപ്പുണ്ടെന്നു വ്യക്തമായിപ്പറഞ്ഞുകൊണ്ടാണ് ഒരു ഫ്‌ളാഷ്ബാക്കിലൂടെ സിനിമയുടെ തുടക്കം. അതിനിടയില്‍ തമിഴ് സൂപ്പര്‍താരം ധനുഷ് എഴുതി ആലപിച്ച ‘നെഞ്ചോട്’ എന്ന ഗാനം ഹൃദയത്തില്‍തൊട്ട് കടന്നുപോകുന്നു.

തമിഴ്‌നാട്ടില്‍ നിന്നു തുടങ്ങുന്ന കഥ നേരെ ഫോര്‍ട്ട് കൊച്ചിയിലേക്കാണു പറിച്ചുനടുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സുഹൃത്തായ മുന്നയ്ക്കൊപ്പം (ധര്‍മജന്‍) കാറ്ററിങ് സര്‍വീസ് നടത്തുന്ന റോണി എന്ന ചെറുപ്പക്കാരനാണ് പിന്നീട് കഥയുടെ കേന്ദ്രബിന്ദു.

റോണിയും മുന്നയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉപയോഗിച്ചാണ് കോമഡി എന്റര്‍ടെയ്‌നറുകളുടെ മര്‍മ്മമറിയാവുന്ന ഷാജോണ്‍ ആദ്യ പകുതിയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന റൂബിയെന്ന (പ്രയാഗ മാര്‍ട്ടിന്‍) തന്റെ സഹോദരിയെക്കൂടി റോണി നമുക്കു പരിചയപ്പെടുത്തുമ്പോഴും ട്വിസ്റ്റുകളുടെ ഒരു നിര കാത്തിരിപ്പുണ്ടെന്ന് ഷാജോണ്‍ പറയുന്നു.

അതിനിടെ ഒരു സൈക്കോ വില്ലന്‍ എന്ന രീതിയിലേക്ക് തമിഴ് നടന്‍ പ്രസന്ന ചെയ്ത കഥാപാത്രം എപ്പോഴൊക്കെയോ വന്നുപോകുന്നുണ്ട്. ഒരുപക്ഷേ ഈ സിനിമയില്‍ ഏറ്റവുമധികം പ്രേക്ഷകനെ ആകാംക്ഷയില്‍ത്തന്നെ നിലനിര്‍ത്തിയതും ഈ കഥാപാത്രം കൊണ്ടുവരുന്ന ട്വിസ്റ്റുകളും നിഗൂഢതകളുമാണ്. കഥാപാത്രത്തിന്റെ പേര് ഒരിക്കല്‍പ്പോലും പറയാതെ തന്നെ അയാളിലെ സൈക്കോ മാനറിസങ്ങള്‍ നിഗൂഢത നിലനിര്‍ത്തുന്നുണ്ട്.

റോണി-മുന്ന കൂട്ടുകെട്ടിലേക്ക് വഴിതെറ്റിയെത്തുന്ന ചാണ്ടി (വിജയരാഘവന്‍) എന്ന കഥാപാത്രം ധര്‍മജന്റെ മുന്നയ്ക്കു പതുക്കെ സ്‌ക്രീന്‍സ്‌പേസ് കുറയ്ക്കുന്നു. ഒരര്‍ഥത്തില്‍പ്പറഞ്ഞാല്‍ ചാണ്ടി അര്‍മാദിക്കുകയായിരുന്നു.

അതിനിടെ ജെമ (മഡോണ സെബാസ്റ്റിയന്‍), ചാണ്ടിയുടെ മകളായി സാന്റ (ഐശ്വര്യ ലക്ഷ്മി), തനീഷ (മിയ) എന്നിവരും കൂടിയെത്തുന്നുണ്ട്. എല്ലാവരും കൂടി ആദ്യപകുതി എന്‍ഗേജ് ചെയ്യിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും കഥാപാത്രങ്ങളും രംഗങ്ങളും ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല. ഇതെല്ലാം പരിഹരിക്കപ്പെടുന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിലുള്ള ആശങ്കയെല്ലാം നീക്കം ചെയ്തുകൊണ്ടാണ് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലേക്കു സിനിമയെത്തുന്നത്.

ഇവിടെയാണ് ആദ്യം പറഞ്ഞ കഥാപാത്രങ്ങളൊക്കെ റോണിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണെന്നു മനസ്സിലാകുന്നത്. ഒടുവില്‍ ഇവരെല്ലാം കൂടി ഒരു കേന്ദ്രബിന്ദുവിലേക്കെത്തുന്നതോടെയാണ് തിരക്കഥയിലെ കെട്ടുറപ്പിനു കൈയ്യടി വീഴുന്നത്. ഒരു പക്കാ ത്രില്ലര്‍ എന്ന നിലയിലേക്കെത്തുന്ന രണ്ടാം പകുതിയുടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷാഭരിതമാക്കുന്ന രീതിയിലാണു തിരക്കഥയുടെ പോക്ക്.

എന്നാല്‍ ടൈറ്റില്‍ റോളിലെത്തിയ നായകനു രണ്ടാം പകുതിയുടെ പാതിയോളം കാര്യമായൊന്നും ചെയ്യാനില്ല. ഒരര്‍ഥത്തില്‍പ്പറഞ്ഞാല്‍ റോണിയെന്ന കഥാപാത്രത്തെക്കുറിച്ചു മറന്നുപോയെന്നു തന്നെ പറയാം.

അവിടെയാണ് പ്രസന്ന അവതരിപ്പിക്കുന്ന സൈക്കോ വില്ലന്റെ ശരീരഭാഷയും ഓരോ ചിരിയും പോലും ഭീതിയും സസ്‌പെന്‍സും നിലനിര്‍ത്തുന്നത്. പേരില്ലാത്ത ഈ കഥാപാത്രവും സാന്റയെന്ന ഐശ്വര്യയുടെ കഥാപാത്രവുമാണ് രണ്ടാം പകുതിയുടെ ഭൂരിഭാഗവും കൈയ്യടുക്കുന്നത്. പതിവ് എന്റര്‍ടെയ്‌നര്‍ സിനിമകളില്‍ സിംഹഭാഗവും നായകന്‍ കൈയ്യടക്കുന്നുവെന്ന ആരോപണത്തിനു കൂടിയാണ് ഷാജോണ്‍ തത്കാലത്തേക്കെങ്കിലും അറുതി വരുത്തുന്നത്.

അതുവരെ പ്രേക്ഷകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ രണ്ടാം പകുതിയില്‍ സംവിധായകന്‍ ആശങ്കയേതുമില്ലാതെ വിജയിക്കുന്നുണ്ട്. കഥാഗതിയിലെ മാറ്റം ആദ്യ പകുതിയിലെ പലരെയും രണ്ടാം പകുതിയെത്തുമ്പോള്‍ അപ്രത്യക്ഷരാക്കുന്നുമുണ്ട്. അവരെക്കുറിച്ച് അന്വേഷിക്കാനുള്ള ഗ്യാപ്പില്ലെന്നതാണ് രണ്ടാം പകുതിയുടെ പ്രത്യേകതയും.

ഫോര്‍ട്ട് കൊച്ചിയുടെ തിരക്കില്‍ നിന്ന് ഇടയ്‌ക്കൊക്കെ മൂന്നാറിലേക്കും കഥ പോകുന്നുണ്ട്. മൂന്നാറിന്റെ പ്രകൃതിഭംഗിയേക്കാള്‍ അതിലൊളിഞ്ഞിരിക്കുന്ന നിഗൂഢത നിറഞ്ഞ സൗന്ദര്യമാണ് ഛായാഗ്രാഹകന്‍ ജിത്തു ദാമോദറിന്റെ ക്യാമറകള്‍ ഒപ്പിയെടുക്കുന്നത്.

ഒപ്പം ക്ലൈമാക്‌സ് രംഗത്തിനു ശേഷം ഒരു സസ്‌പെന്‍സ് കൂടി സംവിധായകന്റെ വകയുണ്ട്. അതോടൊപ്പം എന്തു സംഭവിച്ചാലും മാധ്യമങ്ങളെ കുറ്റം പറയുന്ന മലയാള സിനിമയിലെ ചിലരുടെ പ്രവണതകള്‍ക്കു കൂടി ഷാജോണിന്റെ വക പരിഹാരമുണ്ട്.

ഇതിനിടയില്‍ ആഘോഷത്തിനു മാറ്റുകൂട്ടുന്ന ഗാനങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. ധനുഷിന്റെ ഗാനം കൂടാതെ ഫോര്‍ മ്യൂസിക്‌സിന്റെ സംഗീതത്തില്‍ പിറന്ന ‘താലോലം തുമ്പിപ്പെണ്ണാളേ’ എന്ന ഗാനം ആഘോഷ ചിത്രത്തിന്റെ എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടുള്ളതാണ്.

പുതുമയില്ലാത്ത ജോണറില്‍ നിന്നാണ് കഥ അവതരിപ്പിക്കുന്നതെങ്കിലും അതിലുടനീളം കൈയ്യടക്കം പാലിക്കുകയെന്ന ശ്രമകരമായ ദൗത്യം നിറവേറ്റിയ കലാഭവന്‍ ഷാജോണ്‍ എന്ന നവാഗത സംവിധായകനു തന്നെയാണ് ആദ്യ കൈയ്യടി. ‘ചേട്ടന്‍ ഡയറക്ട് ചെയ്താല്‍ ഞാന്‍ ഡേറ്റ് തരാം’ എന്നു മുന്‍പെപ്പോഴോ പൃഥ്വി ഷാജോണിനൊരുറപ്പു നല്‍കിയതും ഈ കൈയ്യടക്കവും കെട്ടുറപ്പും ഒരുപടി മുന്നില്‍ക്കണ്ടാവണം.

ഷാജോണിന്റെ മറ്റ് ബ്രദേഴ്‌സും സിസ്‌റ്റേഴ്‌സും

കോട്ടയം നസീര്‍
മാല പാര്‍വതി
വിജയകുമാര്‍
സ്ഫടികം ജോര്‍ജ്
പൊന്നമ്മ ബാബു
ശിവജി ഗുരുവായൂര്‍
കൊച്ചുപ്രേമന്‍

നിര്‍മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
സംഗീതം: ഫോര്‍ മ്യൂസിക്‌സ്, നാദിര്‍ഷാ
ഛായാഗ്രഹണം: ജിത്തു ദാമോദര്‍
എഡിറ്റിങ്: അഖിലേഷ് മോഹന്‍
പ്രൊഡക്ഷന്‍ കമ്പനി: മാജിക് ഫ്രെയിംസ്
വിതരണം: മാജിക് ഫ്രെയിംസ് റിലീസ്
ദൈര്‍ഘ്യം: രണ്ട് മണിക്കൂര്‍ 44 മിനിറ്റ്‌

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more