Advertisement
national news
ഇതര ജാതിക്കാരനെ വിവാഹം ചെയ്തു; വിരുന്നിന് വിളിച്ചുവരുത്തിയ ശേഷം ദമ്പതികളെ സഹോദരന്‍ വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 14, 04:18 am
Tuesday, 14th June 2022, 9:48 am

തഞ്ചാവൂര്‍: ഇതര ജാതിയില്‍പെട്ടയാളെ വിവാഹം ചെയ്തതിന് സഹോദരിയേയും ഭര്‍ത്താവിനെയും സഹോദരന്‍ വെട്ടിക്കൊന്നു. വീട്ടിലേക്ക് വിരുന്നിനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി മോഹന്‍ (31), തുളുക്കുവേലി സ്വദേശിനി ശരണ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍, ബന്ധുവായ രഞ്ജിത്ത് എന്നിവര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തമിഴ്‌നാട് കുംഭകോണത്തിന് സമീപമുള്ള ചോലപുരം തുളുക്കുവേലിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെടുന്നതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. ശരണ്യയുടെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇരുവരുടെയും വിവാഹം.

ഇതിന് പിന്നാലെ സഹോദരന്‍ ശരണ്യയെ ബന്ധപ്പെടുകയും വീട്ടിലേക്ക് വിരുന്നിന് ക്ഷണിക്കുകയുമായിരുന്നു. എന്നാല്‍ വീടിന്റെ പടിയില്‍ വച്ചുതന്നെ ദമ്പതികളെ സഹോദരന്‍ ശക്തിവേലും ബന്ധുവായ രഞ്ജിത്തും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

വിവരമറിഞ്ഞെത്തിയ ചോലപുരം പൊലീസ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

സംഭവത്തില്‍ ചോലപുരം പൊലീസ അന്വേഷണം ഊര്‍ജ്ജിതമാക്കി.

Content Highlight: Brother stabbed couple to death for marrying without the consent of family