ഓവര്‍ സെന്റിമെന്‍സോ മെലോഡ്രാമയോ ഇല്ല, ഇത് നമ്മുടെ വീട്ടിലൊക്കെ കാണുന്ന ആങ്ങളയും പെങ്ങളും
Film News
ഓവര്‍ സെന്റിമെന്‍സോ മെലോഡ്രാമയോ ഇല്ല, ഇത് നമ്മുടെ വീട്ടിലൊക്കെ കാണുന്ന ആങ്ങളയും പെങ്ങളും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st October 2022, 11:35 pm

Spoiler Alert

സ്ത്രീകള്‍ വീടകങ്ങളില്‍ നേരിടുന്ന വിവേചനങ്ങളേയും അക്രമങ്ങളേയും പറ്റി തുറന്ന് പറഞ്ഞ സിനിമയാണ് ജയ ജയ ജയ ജയ ഹേ. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

നായികയായ ജയഭാരതിയെ ദര്‍ശന അവതരിപ്പിച്ചപ്പോള്‍ ജയയുടെ ഭര്‍ത്താവ് രാജേഷിനെയാണ് ബേസില്‍ അവതരിപ്പിച്ചത്. ഇരുവരും ഗംഭീര പ്രകടനം തന്നെയാണ് നടത്തിയത്. ഇതുപോലെ തന്നെ ചിത്രത്തില്‍ ശ്രദ്ധ നേടിയ താരമാണ് ആനന്ദ് മന്മഥന്‍.

ജയയുടെ ചേട്ടനായ ജയനെയാണ് ആനന്ദ് മന്മഥന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജയ ജയ ജയ ജയ ഹേയിലെ മനോഹരമായ ഘടകമായിരുന്നു ജയയും ജയനും തമ്മിലുള്ള സഹോദര ബന്ധം. സാധാരണ വീടുകളില്‍ കാണുന്നത് പോലെയുള്ള ഒരു ചേട്ടനും അനിയത്തിയുമാണ് ജയനും ജയയും. ജയന്റെ പേരിനൊപ്പിച്ചാണ് ജയക്ക് ആ പേരിട്ടത് തന്നെ.

ജയന്‍ വീട്ടില്‍ ആണെന്ന നിലയിലുള്ള എല്ലാ പ്രിവിലേജുകളും അനുഭവിച്ചാണ് വളര്‍ന്നത്. എന്നാല്‍ പെണ്ണായതുകൊണ്ട് മാത്രം ജയന് ലഭിക്കുന്ന പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ജയക്ക് ലഭിക്കുന്നില്ല. ചില ഘട്ടങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം നിന്ന് ജയയെ എതിര്‍ക്കുന്നുമുണ്ട് ജയന്‍.

അതേസമയം തന്നെ പെങ്ങളെ പെണ്ണുകാണാന്‍ വരുന്നവരോട് ജയക്ക് തുടര്‍ന്നും പഠിക്കണമെന്നും ജോലി ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതും ജയനാണ്. ജയക്ക് ജീവിതത്തില്‍ പ്രതിസന്ധി വരുമ്പോഴും ഒരു താങ്ങാവുന്നത് ജയനാണ്.

രണ്ടാം പകുതിയില്‍ ബസ് സ്റ്റോപ്പിലിരുന്നു കരയുന്ന ജയയെ ആശ്വസിപ്പിക്കുന്ന ജയന്‍ ഈ ചിത്രത്തിലെ ഒരു മനോഹര കാഴ്ചയാണ്. ജയയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതോ നിനക്ക് ഞാനുണ്ടെന്നോ എന്നൊന്നും ഈ രംഗത്തില്‍ പറയുന്നില്ല. പകരം ആളുകള്‍ ചുറ്റുമുള്ളത് ശ്രദ്ധിച്ച് കരയാതെ എന്ന് മാത്രം പറയുന്നത് ഈ രംഗത്തിന്റെ സ്വഭാവികത വര്‍ധിപ്പിച്ചു.

ജയനായി ആനന്ദ് മന്മഥനെ തെരഞ്ഞെടുത്തത് ഒരു മികച്ച കാസ്റ്റിങ്ങായിരുന്നു. ഇതിന് മുമ്പ് വന്ന അറ്റന്‍ഷന്‍ പ്ലീസ് എന്ന ചിത്രത്തിലെ ആനന്ദിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: brother-sister relationship in jaya jaya jaya jaya hey