ലഖ്‌നൗ: സ്വന്തം പിതാവിന്റെ മൃതദേഹം സൈക്കിളില്‍ ചുമന്ന് കൊണ്ടുവരുന്ന ഭിന്നശേഷിക്കാരനായ മകന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം.
ത്രിവേദി ഗഞ്ച് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍വെച്ചാണ് ഇവരുടെ അച്ഛനായ മന്‍ഷരാം മരണപ്പെടുന്നത്. എന്നാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള വാഹനമൊന്നും ആശുപത്രി അധികൃതര്‍ ഏര്‍പ്പാടാക്കിയില്ല. തുടര്‍ന്നായിരുന്നു ഭിന്നശേഷിക്കാരനായ മകന്‍ രാജ്കുമാറും സഹോദരി മഞ്ജുവും ചേര്‍ന്ന് മൃതദേഹം എട്ട് കിലോമീറ്ററോളം ദൂരം സൈക്കിളില്‍ ഉന്തി നാട്ടിലേക്ക് വന്നത്.
മൃതദേഹം കൊണ്ടുപോകുന്ന രണ്ട് വാഹനങ്ങളാണ് ഹെല്‍ത്ത് സെന്ററിന്റേതായി ഉള്ളത്. ജില്ലയ്ക്ക് മൊത്തമായി രണ്ട് വാഹനം മാത്രമുള്ളത്. മന്‍ഷറാം മരണപ്പെടുന്ന സമയത്ത് രണ്ട് വാഹനങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ചന്ദ്ര പറഞ്ഞു.
ആശുപത്രിയില്‍ നിന്നും മരണപ്പെട്ടവരുടെ മൃതദേഹം തോളില്‍ ചുമന്നും സൈക്കിള്‍ റിക്ഷയില്‍ ഉന്തിയുമാണ് പലരും നാട്ടിലെത്തിക്കാറുള്ളതെന്നും ഇദ്ദേഹം പറയുന്നു.
നേരത്തെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ചിത്രമായിരുന്നു പന്ത്രണ്ടു വയസ്സുള്ള മകളോടൊപ്പം ഭാര്യയുടെ മൃതദേഹവും ചുമന്ന് 12 കിലോമീറ്റര്‍ സഞ്ചരിച്ച ദയാ മാഞ്ചിയുടെത്. 2016 ഓഗസ്റ്റില്‍ ഒറീസയിലായിരുന്നു ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
Watch DoolNews Video