ലക്‌നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി അദ്ദേഹത്തെ നിരന്തരം കള്ളക്കേസില്‍ കുടുക്കിയ യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ വിട്ടുകിട്ടാനുള്ള നിയമ പോരാട്ടത്തെക്കുറിച്ച് മാധ്യമം പത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.
കഫീല്‍ ഖാനെ നിരന്തരമായി യു.പി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചതെന്നും കേസില്‍ വാദം കേട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ ഒന്നും തെളിയിക്കാനില്ലാത്തതിനാല്‍ കോടതി നടപടികള്‍ പരമാവധി നീട്ടിക്കൊണ്ട് പോവാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘കഫീല്‍ ഖാന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ അലഹാബാദ് ഹൈക്കോടതി വാദം കേള്‍ക്കട്ടെയെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അന്നുതന്നെ കഫീലിന്റെ കാര്യം പെട്ടെന്ന് തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം അതിനോട് ധിക്കാരം കാണിച്ച് കോടതി നടപടികള്‍ പരമാവധി നീട്ടിക്കൊണ്ട് പോകാനാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിനായി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ട് പോയി. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കിട്ടിയില്ലെന്നായിരുന്നു യോഗി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയില്‍ ന്യായം പറഞ്ഞത്. ഒടുവില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ദല്‍ഹിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ വഴി കൈയ്യാലെ കൊടുത്തയപ്പിക്കേണ്ടി വന്നു,’ അദ്ദേഹം പറഞ്ഞു.
അലിഗഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം ഹാജരാക്കിയാല്‍ കേസില്‍ വാദം തുടങ്ങാമായിരുന്നു. എന്നിട്ടും അത് ചെയ്യാതെ സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അലഹാബാദ് ഹൈക്കോടതിയും പിന്തുണക്കുകയായിരുന്നുവെന്നു അദീല്‍ പറയുന്നു.
കഫീലിനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി വിചാരണ നടത്താതെ ഒരു വര്‍ഷമെങ്കിലും അന്യായ തടങ്കലില്‍ വെക്കണമെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദീല്‍ പറയുന്നു. ആദ്യം ആറുമാസത്തേക്കും പിന്നീട് ഒമ്പത് മാസത്തേക്കും കഫീല്‍ ഖാന്റെ അന്യായ തടങ്കല്‍ ദീര്‍ഘിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കഫീല്‍ ഖാന്റെ കേസ് ഓരോ തവണ അലഹാബാദ് ഹൈക്കോടതിയിലെത്തുമ്പോഴും കേള്‍ക്കാന്‍ തയ്യാറാകാതെ ജഡ്ജിമാര്‍ പിന്മാറിക്കൊണ്ടിരിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്ന ദിവസം കാത്തിരുന്ന് തുറന്ന കോടതിയില്‍ കേസ് എടുക്കുമ്പോഴാണ് തങ്ങള്‍ പിന്മാറുകയെന്ന് ഓരോ ജഡ്ജിമാരും പറയാറുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേസ് നീട്ടിക്കൊണ്ട് പോകുന്ന ഘട്ടത്തില്‍ വീണ്ടും ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അലഹാബാദ് ഹൈക്കോടതി തയ്യാറായിട്ടില്ലെന്നും അതിനാല്‍ സുപ്രീം കോടതി ഇടപെട്ട് വാദം കേള്‍ക്കാന്‍ കൃത്യമായ സമയ പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ഹുസൈഫ് അഹ്മദി മുഖേന നല്‍കിയ ഹരജിയില്‍ 15 ദിവസത്തിനകം കേസ് തീര്‍പ്പാക്കാന്‍ വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത്തവണ സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പാക്കുകയായിരുന്നു അലഹാബാദ് ഹൈക്കോടതി ചെയ്തത്,’അദീല്‍ ഖാന്‍ പറയുന്നു.
ഡോ. കഫീല്‍ ഖാനെ വിട്ടുകിട്ടാന്‍ അമ്മ നുസ്‌റത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി, ദേശ സുരക്ഷാ നിയമം ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചുമത്തിയ മറ്റൊരു അപേക്ഷ എന്നിവ ഒരു കേസായി പരിഗണിച്ച് കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവെന്നും അദീല്‍ ഖാന്‍ പറഞ്ഞു.
സെപ്തംബര്‍ ഒന്നിനാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി വരുന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കുന്നത്.
കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക