വാഷിംഗ്ടണ്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. 27 കാരനായ റെയ്ഷാദ് ബ്രൂക്‌സിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള റെസ്റ്റോറന്റിനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു.
ബ്രൂക്‌സിനെ വെടിവെച്ചു കൊന്ന പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറ്റലാന്റ പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് അറ്റ്‌ലാന്റയില്‍ ബ്രൂക്‌സിനെ പൊലീസ് വെടിവെച്ചത്. ഇതേതുടര്‍ന്ന് ശനിയാഴ്ച മുതല്‍ അറ്റ്‌ലാന്റയില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
സൗത്ത് ഈസ്റ്റ് അറ്റ്ലാന്റയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷണശാലയിലേക്കുള്ള വഴിയടച്ച് പാര്‍ക്ക് ചെയ്ത കാറില്‍ ഒരാള്‍ ഉറങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസും റെയ്ഷാദ് ബ്രൂകുമായി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വെടിയേറ്റ ബ്രൂക്‌സിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെച്ചിരുന്നു.
അമേരിക്കയില്‍ പൊലീസ് ആക്രമണത്തില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വലിയ പ്രതിഷേധം രാജ്യത്ത് നടന്നുകൊണ്ടിരിക്കെയാണ് ബ്രൂക്സിന്റെ കൊലപാതകം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ